ബഹ്‌റൈനിലും കുവൈത്തിലും വൻ ആക്രമണം; കെട്ടിടത്തിൽ തീപിടിത്തം

ടെഹ്‌റാൻ: ഗൾഫ് രാജ്യങ്ങളിൽ ശക്‌തമായ ആക്രമണം തുടർന്ന് ഇറാൻ. ബഹ്‌റൈനിലും കുവൈത്തിലുമാണ് ഇന്ന് ആക്രമണം ഉണ്ടായത്. ബഹ്‌റൈനിലെ സിത്ര മേഖലയിലെ കെട്ടിടത്തിൽ തീപിടിത്തമുണ്ടായി. തീ നിയന്ത്രണ വിധേയമാണെന്ന് അധികൃതർ അറിയിച്ചു.

കുവൈത്തിലും ഇറാൻ കനത്ത ആക്രമണം നടത്തി. എണ്ണ സംഭരണ കേന്ദ്രങ്ങളും മിനിസ്‌ട്രി കോംപ്ളക്‌സും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. വൈദ്യുതി- ജലവിതരണ ശൃംഖലകൾക്ക് നേരെയും ആക്രമണം ഉണ്ടായി. രണ്ട് പ്രധാന പവർ സ്‌റ്റേഷനുകൾ ഭാഗികമായി തകർന്നു. മിനിസ്‌ട്രി കോംപ്ളക്‌സിലും വൻ നാശനഷ്‌ടമുണ്ടായി.

അതിനിടെ, ഇറാൻ വെടിവെച്ചു വീഴ്‌ത്തിയ യുഎസിന്റെ എഫ്-15 യുദ്ധവിമാനത്തിൽ നിന്ന് പുറത്തുചാടുകയും പിന്നാലെ കാണാതാവുകയും ചെയ്‌ത പൈലറ്റിനെ രക്ഷിച്ചു. കനത്ത പോരാട്ടത്തിന് ഒടുവിലാണ് ഇദ്ദേഹത്തെ രക്ഷിച്ചതെന്നാണ് റിപ്പോർട്. സൈനികനെ രക്ഷിച്ച കാര്യം യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും സ്‌ഥിരീകരിച്ചു.

രണ്ട് സീറ്റുകളുള്ള എഫ്-15 ഇ വിമാനത്തിൽ ഉണ്ടായിരുന്ന ജീവനക്കാരിൽ ഒരാളെ വെള്ളിയാഴ്‌ച രക്ഷപ്പെടുത്തിയിരുന്നു. യുഎസിന്റെ എക്യൂ-1 ഡ്രോൺ വെടിവെച്ചിട്ടതായും ഇറാൻ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തിരുന്നു. എന്നാൽ, യുഎസ് ഇതിനോട് പ്രതികരിച്ചിട്ടില്ല.

അതേസമയം, പശ്‌ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ, ഇറാന് നൽകിയ സമയപരിധി അവസാനിക്കാൻ പോവുകയാണെന്ന മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. സമാധാന കരാറിൽ എത്തുന്നതിനോ ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനോ ഇറാന് നൽകിയ സമയം അവസാനിക്കാൻ ഇനി വെറും 48 മണിക്കൂർ മാത്രമാണ് ഉള്ളതെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.

മാർച്ച് 26ന് നൽകിയ പത്ത് ദിവസത്തെ കാലാവധി തീരാൻ രണ്ടു ദിവസം മാത്രമാണ് ശേഷിക്കുന്നത്. സമയം അതിവേഗം അവസാനിക്കുകയാണ്. ഉചിതമായ തീരുമാനം ഇല്ലെങ്കിൽ ഭയാനകമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

Leave a Comment