വ്യാജ ആധാർ കാർഡ് വിവാദം; കെസി. വേണുഗോപാലിന് വക്കീൽ നോട്ടീസ്

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉയർന്നുവന്ന ആരോപണമായിരുന്നു കണ്ണൂരിലെ വ്യാജ ആധാർ കാർ വിവാദം. കള്ളവോട്ടിനായി സിപിഎം വ്യാജ ആധാർ കാർഡ് നിർമിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചത് കോൺഗ്രസ് നേതാവ് കെസി. വേണുഗോപാലാണ്.

ആരോപണത്തിൽ കെസി. വേണുഗോപാലിന് സിപിഎം വക്കീൽ നോട്ടീസയച്ചിരിക്കുകയാണ്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ. രാഗേഷാണ് നോട്ടീസയച്ചത്. കെസി. വേണുഗോപാലിന്റെ പ്രസ്‌താവന സിപിഎമ്മിനെ കളങ്കപ്പെടുത്തുന്നതാണെന്നും അതിനാൽ പ്രസ്‌താവന പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണം എന്നുമാണ് നോട്ടീസിലെ ആവശ്യം.

തിരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായതോടെ സിപിഎം നേതൃത്വത്തിന്റെ പിന്തുണയോടെ കണ്ണൂരിൽ വ്യാജ ആധാർ കാർഡുകൾ നിർമിച്ച് ഇരട്ടവോട്ടിന് ശ്രമിക്കുന്നുണ്ടെന്നായിരുന്നു വേണുഗോപാലിന്റെ ആരോപണം.

കല്യാശേരി, പയ്യന്നൂർ മണ്ഡലങ്ങളിലാണ് ഇത്തരത്തിൽ വ്യാജ ആധാർ കാർഡുകൾ നിർമിച്ചു ഇരട്ടവോട്ടിന് ശ്രമിക്കുന്നതെന്നും പയ്യന്നൂരിലെ സിപിഎം ഓഫീസിലാണ് വ്യാജ ആധാർ കാർഡ് നിർമാണം നടക്കുന്നതെന്നും അദ്ദേഹം കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. പിന്നാലെ സിപിഎം ആരോപണം തള്ളി രംഗത്തെത്തുകയും ചെയ്‌തിരുന്നു.

Leave a Comment