കാസർകോട്: അശ്ലീല സന്ദേശങ്ങൾ അയച്ചതിന് എസ്.എഫ്.ഐ ജില്ല നേതാവിനെതിരെ വനിത നേതാവായ വിദ്യാർഥിനി പാർട്ടി നേതൃത്വത്തിന് പരാതി നൽകി. പെൺകുട്ടിയുടെ പരാതിയിൽ ജില്ല നേതാവിനെതിരെ സി.പി.എം അന്വേഷണം തുടങ്ങി. എസ്.എഫ്.ഐ ഏരിയ കമ്മിറ്റി അംഗമായ വിദ്യാർഥിനിയാണ് ജില്ല നേതാവിനെതിരെ പരാതി നൽകിയത്. രണ്ടു മാസങ്ങൾക്കു മുമ്പാണ് സംഭവം നടന്നത്. ഇയാൾ അശ്ലീല സന്ദേശങ്ങളും വിഡിയോകളും വിദ്യാർഥിനിയുടെ ഫോണിലേക്ക് അയച്ചിരുന്നു. ഇത്തരം സന്ദേശങ്ങൾ തന്റെ ഫോണിലേക്ക് അയക്കരുത് എന്ന് വിദ്യാർഥിനി പറഞ്ഞിരുന്നുവെങ്കിലും നേതാവ് തുടരുകയായിരുന്നു.
ഇതോടെയാണ് വിദ്യാർഥിനി സി.പി.എം ഏരിയ സെക്രട്ടറിക്ക് പരാതി നൽകിയത്. പരാതി നൽകി നാളുകൾ കഴിഞ്ഞിട്ടും അന്വേഷണം നടത്താൻ സി.പി.എം നേതൃത്വം തയാറായില്ല. വിദ്യാർഥിനി നിയമപരമായി നേരിടുമെന്ന് പറഞ്ഞതോടെയാണ് ജില്ല നേതൃത്വത്തിനു പരാതി കൈമാറിയതെന്നു പറയുന്നു. പാർട്ടി നേതൃത്വത്തിന് പരാതി നൽകിയതിന് പെൺകുട്ടിയെ ആരോപണവിധേയനായ നേതാവ് ഭീഷണിപ്പെടുത്തുകയും ചെയ്തത്രേ. ജില്ലാ നേതൃത്വത്തിന് പരാതി കിട്ടിയതിന്‍റെ അടിസ്ഥാനത്തിൽ വിഷയം ചർച്ചചെയ്തിരുന്നു. നിലവിലെ പ്രത്യേക സാഹചര്യത്തിൽ നടപടിയെടുത്തില്ലെങ്കിൽ അതും തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുമെന്ന് അഭിപ്രായം ഉയർന്നു.