തളിപ്പറമ്പ്: പതിനേഴ് വർഷം മുമ്പ് തളിപ്പറമ്പിലെ സ്വർണാഭരണ നിർമാണശാല കുത്തിത്തുറന്ന് സ്വർണത്തരികൾ കവർച്ച ചെയ്ത കേസിലെ പ്രതി പൊലീസ് പിടിയിലായി. തോട്ടട സമാജ്വാദി കോളനിയിലെ കെ. ഉമേഷിനെയാണ് (42) തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. 2007 ൽ തളിപ്പറമ്പ് രജിസ്ട്രാർ ഓഫിസിന് പിറകിലെ സ്ഥാപനത്തിൽ കവർച്ച നടത്തിയ കേസിലെ പ്രതിയായ ഉമേഷിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
നാലംഗ സംഘമാണ് കവർച്ച നടത്തിയിരുന്നത്. ആക്രി സാധനങ്ങൾ ശേഖരിച്ച് വിൽക്കുന്ന ഉമേഷിനെ ഞായറാഴ്ച വൈകീട്ട് തളിപ്പറമ്പ് ബസ് സ്റ്റാൻഡിനു സമീപം കാണപ്പെട്ടതിനെത്തുടർന്ന് സീനിയർ സി.പി.ഒമാരായ അരുൺകുമാർ, ലീന, ഷാജു എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു.