കണ്ണൂർ: ഇരുചക്രവാഹന യാത്രക്കാരുടെ ഇന്ധന നഷ്ടവും സാമ്പത്തിക നഷ്ടവും പഠിച്ച് റിപ്പോർട്ട് തയാറാക്കി പട്ടാന്നൂർ കെ.പി.സി.എച്ച്.എസ്.എസ് മധ്യപ്രദേശിലെ ഭോപാലിൽ നടന്ന ദേശീയ ശാസ്ത്രമേളയിൽ കേരളത്തെ പ്രതിനിധീകരിച്ച് അംഗീകാരം കരസ്ഥമാക്കി.
ഗട്ടറുകളുള്ള റോഡിലെ യാത്രയിൽ ഒരു കിലോമീറ്റർ ദൂരം ഡ്രൈവ് ചെയ്യുമ്പോൾ ശരാശരി 38 മില്ലി ലിറ്ററാണ് ഇന്ധനനഷ്ടമെന്ന് പഠനത്തിൽ പറയുന്നു. ഒരു ലിറ്റർ ഇന്ധനത്തിന് ഇപ്പോഴത്തെ നിരക്കിൽ നാലുരൂപയുടെ സാമ്പത്തിക നഷ്ടമാണ് കണ്ടെത്തിയത്. നല്ല റോഡിനേക്കാൾ കിലോമീറ്ററിൽ 1.6 മിനിട്ട് സമയനഷ്ടമുണ്ടാകുന്നുവെന്നും മറ്റൊരു കണ്ടെത്തലാണ്. ഒരുലക്ഷം വാഹനം ഒരുകിലോമീറ്റർ ദൂരം മോശം റോഡിലൂടെ പോകുമ്പോൾ 8.830 ടൺ കാർബൺഡൈ ഓക്സൈഡ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നുവെന്നും പഠനത്തിൽ കണ്ടെത്തി. ഇരുചക്രവാഹനങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന 50 പേരിലാണ് സർവേ നടത്തിയത്.
കൂടാളി പഞ്ചായത്തിലെ ഗട്ടറുള്ള 19 റോഡുകളിൽ ഡ്രൈവ് ചെയ്ത് നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്. സംസ്ഥാന ശാസ്ത്രമേളയിൽ എച്ച്.എസ് വിഭാഗം റിസർച്ച് ടൈപ്പിൽ ഒന്നാം സ്ഥാനം നേടിയ പ്രോജക്ട് 2025 ജനുവരി 21 മുതൽ 25 വരെയായി പുതുച്ചേരിയിൽ നടന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിലും മത്സരിച്ചിരുന്നു. ശേഷമാണ് 2025 നവംബർ 18 മുതൽ 23 വരെ ഭോപ്പാലിൽ നടന്ന ദേശീയ ശാസ്ത്രമേളയിൽ മത്സരിക്കാനെത്തിയത്. ഹൈസ്കൂൾ വിദ്യാർഥികളായ കെ. കാർത്തിക്, സി. മുഹമ്മദ് റിഹാൻ, പ്രോജക്ട് ഗൈഡ് സി.കെ. പ്രീത എന്നിവരാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്.
ഭോപ്പാലിൽനിന്ന് തിരിച്ചെത്തിയ സംഘത്തെ സ്കൂൾ പ്രിൻസിപ്പലിന്റെയും പ്രധാനധ്യാപികയുടെയും പി.ടി.എയുടെയും മറ്റ് സ്റ്റാഫ് അംഗങ്ങളുടേയും നേതൃത്വത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.
