ശരണ്യക്കായി ഇന്നും തിരച്ചിൽ; ഫോൺ സ്വിച്ച് ഓഫ്, ‘വഴിതെറ്റി’യെന്ന് അവസാന അറിയിപ്പ്

കണ്ണൂർ: കർണാടകയിലെ കുടക് ജില്ലയിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് വടകര നാദാപുരം സ്വദേശിയായ ശരണ്യക്കായുള്ള തിരച്ചിൽ ഇന്നും തുടരും. ഐടി പ്രഫഷണലായ ശരണ്യയെ (36) ഈമാസം രണ്ടാം തീയതി മുതലാണ് കാണാതായത്.

വനംവകുപ്പ് ഉദ്യോഗസ്‌ഥരും നാട്ടുകാരും മൂന്നുദിവസമായി ശരണ്യക്കുവേണ്ടി തിരച്ചിലിലാണ്. എറണാകുളത്ത് സോഫ്റ്റ് വെയർ എൻജിനിയറായ ശരണ്യ ജിഎസ് ഏപ്രിൽ രണ്ട് വ്യാഴാഴ്‌ച തനിച്ചാണ് കൊച്ചിയിൽ നിന്ന് കുടകിലെത്തിയത്. കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു.

യാവകപടി എന്ന ഗ്രാമത്തിലെ ഹോംസ്‌റ്റേയിലായിരുന്നു താമസം. ഏപ്രിൽ രണ്ടിന് രാവിലെ 8.15ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ട്രാക്കിങ് ആരംഭിച്ചത്. കാട്ടാന ശല്യമുള്ളതിനാൽ മറ്റു പത്തുപേരടങ്ങുന്ന സംഘത്തിനൊപ്പം പോകാൻ ശരണ്യയോാട് വനംവകുപ്പ് ഉദ്യോഗസ്‌ഥർ നിർദ്ദേശിച്ചിരുന്നു. വൈകീട്ട് നാലുമണിയോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ ഒപ്പമുണ്ടായിരുന്നില്ല.

തനിക്ക് വഴിതെറ്റിയതായി ശരണ്യ ഹോംസ്‌റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചിരുന്നു. എന്നാൽ, പിന്നീട് ഫോൺ സിഗ്‌നൽ നഷ്‌ടമായി. ഫോൺ സ്വിച്ച് ഓഫ് ആവുകയും ചെയ്‌തു. ശരണ്യ വഴിതെറ്റി ഉൾക്കാട്ടിലേക്ക് പോയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

തിരച്ചിലിന് 60അംഗ സംഘം

പോലീസ്, വനംവകുപ്പ് ഉദ്യോഗസ്‌ഥരും നാട്ടുകാരും അടക്കം 60 പേരാണ് തിരച്ചിൽ നടത്തുന്നത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ. ഡ്രോണുകളും സ്‌നിഫർ നായകളെയും ഉപയോഗിച്ച് വനത്തിനകത്തും മറ്റു വഴികളിലും പരിശോധന നടത്തുന്നുണ്ട്. ഇരുട്ടുമൂടിയ കാടും പ്രതികൂല കാലാവസ്‌ഥയും തിരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. അതേസമയം, ശരണ്യയുടെ സഹോദരൻ കുടകിൽ എത്തിയിട്ടുണ്ട്.

Leave a Comment