പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയെന്ന കേസില്‍ 26 വര്‍ഷമായി ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

സതീഷ് ആന്റണി

ആലക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയെന്ന കേസില്‍ 26 വര്‍ഷമായി ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. ഉദയഗിരി ശാന്തിപുരത്തെ സതീഷ് ആന്റണി (48) യെയാണ് ആലക്കോട് എസ്.എച്ച്.ഒ സി.പി. ജിജേഷ് തലശ്ശേരി കതിരൂര്‍ ആനക്കാംപൊയിലില്‍ വെച്ച് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 16 വര്‍ഷമായി കതിരൂര്‍ ഉക്കാസ്‌മൊട്ടയില്‍ താമസിച്ചുവരുകയായിരുന്നു പ്രതി. ആലക്കോട് സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോയതായുള്ള പരാതിയില്‍ 2000ത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് സതീഷ്. കേസില്‍ ഇയാളെ അന്ന് അറസ്റ്റ് ചെയ്തിരുന്നു. ജയിലിലായിരുന്ന സതീഷ് പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. തുടര്‍ന്ന് 2005ല്‍ ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. പൊലീസ് ഏറെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കാസർകോടും കര്‍ണാടകത്തിലുമായി ഒളിവില്‍ കഴിഞ്ഞ സതീഷ് 2010 ലാണ് കതിരൂര്‍ ഉക്കാസ്‌മൊട്ടയിലെത്തിയത്. വിവാഹം കഴിച്ച് അവിടെ കുടുംബസമേതം ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരുകയായിരുന്നു. ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനത്തിന്റെ ഡ്രൈവറും ടെക്‌നീഷ്യനുമായി ജോലി ചെയ്തുവരുകയായിരുന്നു.

നാടുമായി ഒരു ബന്ധവും പുലര്‍ത്തിയിരുന്നില്ല. ഇതിനിടെ സ്റ്റേറ്റ് ഇന്റലിജന്‍സ് ബ്യൂറോക്ക് ലഭിച്ച വിവരങ്ങളാണ് സതീഷിനെ പിടികൂടാന്‍ സഹായിച്ചത്. തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു. എസ്.ഐ കെ.വി. രമേശന്‍, സീനിയര്‍ സി.പി.ഒ ജാബിര്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ സതീഷിനെ റിമാൻഡ് ചെയ്തു.

Leave a Comment