പിടിച്ചുപറിക്കേസ് പ്രതി പിടിയിൽ

ശ്രീകണ്ഠപുരം: പിടിച്ചുപറിക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി വര്‍ഷങ്ങളായി ഒളിവില്‍ കഴിയുകയായിരുന്ന യുവാവിനെ ശ്രീകണ്ഠപുരം പൊലീസ് പിടികൂടി. ഇരിട്ടി തില്ലങ്കേരി കുട്ടിമാവിന്‍കീഴിലെ കളത്തില്‍ സക്കരിയയാണ് (42) പിടിയിലായത്.

ശ്രീകണ്ഠപുരം സി.ഐ ഇ.പി. സുരേശന് ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്ന് എ.എസ്.ഐ എ. പ്രേമരാജന്‍, സി.പി.ഒ കെ.ഐ. ശിവപ്രസാദ് എന്നിവര്‍ ചേര്‍ന്ന് തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിൽനിന്ന് പിടികൂടുകയായിരുന്നു.

2015 സെപ്റ്റംബറില്‍ ചെങ്ങളായി പെരിങ്കോന്ന് തവറൂലിലെ തേലക്കാടന്‍ പുതിയവീട്ടില്‍ നാരായണന്റെ കൈയില്‍നിന്ന് ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡില്‍വെച്ച് 1500 രൂപ പിടിച്ചുപറിച്ച കേസിലെ പ്രതിയാണ്.

ഈ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാളെ 2021ൽ കോടതി പിടികിട്ടാപ്പുള്ളിയായ പ്രഖ്യാപിച്ചിരുന്നു. തളിപ്പറമ്പ്, തൃശൂര്‍, ഗൂഡല്ലൂര്‍ എന്നിവിടങ്ങളില്‍ വിവാഹം കഴിച്ച സക്കരിയക്കെതിരെ പലയിടത്തും വിവിധ പരാതിയും കേസുകളുമുണ്ടെന്ന് പൊലീസ് പറഞ്ഞു.

Leave a Comment