ഇരിട്ടി: ഒടുവിൽ റബർ ഷീറ്റിലും വ്യാജനെത്തി. ഒറ്റനോട്ടത്തിൽ രൂപത്തിലും നിറത്തിലും ഗ്രേഡ്ഷീറ്റ് പോലെ തോന്നിക്കുന്ന വ്യാജ ഷീറ്റുകളാണ് വിപണിയിലെത്തിയത്. കാഴ്ചയിൽ ഗ്രേഡ്ഷീറ്റിന് സമാനമായ രീതിയിലായതിനാൽ സൂക്ഷ്മതയോടെ പരിശോധിച്ചാൽ മാത്രമേ വ്യാജനെ തിരിച്ചറിയാൻ കഴിയുകയുള്ളൂ. സാധാരണ റബർ ഷീറ്റ് മെഷീനിൽ അടിച്ചെടുത്ത് പുക കൊള്ളിച്ചോ വെയിലത്തോ ഉണക്കിയെടുക്കുന്ന ഷീറ്റുകൾക്ക് സമാനരീതിലുള്ളതാണ് ഈ വ്യാജൻ ഷീറ്റുകളും. അതിനാൽത്തന്നെ യാഥാർത്ഥ ഷീറ്റുകളുടെ കൂട്ടത്തിൽനിന്ന് ഇവയെ എളുപ്പത്തിൽ തിരിച്ചറിയാനും കഴിയില്ല.
മലയോരത്തെ പ്രധാന ടൗണുകളിലെ റബർ വ്യാപര കേന്ദ്രങ്ങളിലെല്ലാം ഇത്തരം വ്യാജ റബർ ഷീറ്റുകളെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉളിക്കൽ ടൗണിലെ ഒരു റബർ വ്യാപര സ്ഥാപനത്തിൽ വിൽപനക്കായി കൊണ്ടുവന്ന ഷീറ്റിൽ ഉണ്ടായിരുന്ന വ്യാജന് ഒരു കിലോയിലധികം തൂക്കം ശ്രദ്ധയിൽ പെട്ടതാണ് റബറിൽ വ്യാജൻ ഉണ്ടെന്ന കാര്യം തിരിച്ചറിയാനിടയാക്കിയത്. വ്യാജന് തൂക്കം കൂടുതൽ ശ്രദ്ധയിൽപ്പെട്ടപ്പോൾ വ്യാപാരി ഇത് ലോട്ടിലേക്ക് മാറ്റി. മഴക്കാലമായതിനാൽ ഉണക്കം കുറഞ്ഞതായിരിക്കും തൂക്കകൂടുതലിന് കാരണമെന്ന് വിൽപനക്കാരനും പറഞ്ഞു. കടയുടമ വിലകണക്കാക്കി പണം അക്കൗണ്ടിലേക്ക് അയക്കാമെന്ന് പറഞ്ഞപ്പോൾ പണം കൈയിൽ തരണമെന്ന് വിൽപനക്കായി എത്തിച്ചയാൾ പറഞ്ഞു. കൈയിൽ തരാൻ പണമില്ലാഞ്ഞതിനാൽ ഷീറ്റ് വിൽപനക്കായി എത്തിച്ചയാൾ ഷീറ്റ് മറ്റൊരു കടയിൽ വിൽപന നടത്തി പണം വാങ്ങി പോവുകയായിരുന്നു. പിന്നീട് നടന്ന പരിശോധനയിലാണ് ഇവ വ്യാജ ഷീറ്റാണെന്ന് മനസ്സിലായത്.
വള്ളിത്തോടിലും മണിക്കടവിലും ഇത്തരത്തിലുള്ള വ്യാജഷീറ്റുകൾ വാങ്ങി വ്യാപാരികൾ വഞ്ചിക്കപ്പെട്ടിട്ടുണ്ട്. അക്കൗണ്ടിൽ പണം വാങ്ങിയാൽ ആളെതിരിച്ചറിയാൻ സാധിക്കുമെന്നതിനാലാണ് പണമായി കൈയിൽ തന്നെ തരാൻ ആവശ്യപ്പെടുന്നത്. വ്യാജൻമാർ ഉണ്ടായതോടെ എല്ലാ ഷീറ്റുകളും പരിശോധിക്കേണ്ട അവസ്ഥയാണെന്ന് വ്യാപാരികൾ പറയുന്നു.
വ്യാജനെ തിരിച്ചറിയാം
സാധാരണ ഗ്രേഡ് ഷീറ്റ് 450 -600 വരെ ഗ്രാം തൂക്കമാണുണ്ടാവുക. റബർ ബോർഡ് 450നും 550 ഗ്രാമിനും ഇടയിലുള്ള ഷീറ്റുകളാണ് ഗ്രേഡായി കണക്കാക്കുന്നത്. റബർ പാലിനൊപ്പം മറ്റെന്തോ വസ്തു ചേർത്താണ് വ്യാജൻ നിർമിക്കുന്നത്. ഇതാണ് തൂക്ക കൂടുതലിന് കാരണം. വ്യാജ ഷീറ്റുകൾ വലിച്ചാൽ കീറുകയും വെള്ളത്തിലിട്ടാൽ മുങ്ങിപോവുകയും ചെയ്യും. സാധാരണ ഷിറ്റുകൾ വലിച്ചാൽ കീറുകയില്ല, വെള്ളത്തിലിട്ടാൽ പൊങ്ങി കിടക്കുകയും ചെയ്യുമെന്ന് വ്യാപാരികൾ പറഞ്ഞു. റബർ പാലിനൊപ്പം ചോക്ക് പൊടിയോ മറ്റൊ ഉപയോഗിക്കാനുള്ള സാധ്യതയാണ് ഇവർ പറയുന്നത്.