ഇരിട്ടി: പഴശ്ശി ജലസേചന പദ്ധതിയുടെ ഷട്ടർ പൂർണമായി അടക്കാത്തതിനെ തുടർന്ന് ഇരിട്ടി പുഴയിൽ ജലവിതാനം കുറഞ്ഞു. ഇതോടെ മേഖലയിൽ ജലക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. പഴശ്ശി ജലസംഭരണിയിൽനിന്ന് വിവിധ പദ്ധതികൾക്കായി ജില്ലയുടെ പല ഭാഗങ്ങളിലേക്ക് കുടിവെള്ളം കൊണ്ടു പോകാറുണ്ട്. ഇരിട്ടി പുഴ നവീകരിക്കുന്നതിനും സമീപത്തെ കിണറുകൾ ഉൾപ്പെടെ ശുചീകരിക്കുന്നതിന്റെ ഭാഗമായുമാണ് അണക്കെട്ടിന്റെ ഷട്ടറുകൾ ഭാഗികമായി തുറന്നത്.
പടിയൂർ പൂവത്ത് കിണർ നിർമാണ പ്രവൃത്തിയും നടക്കുന്നുണ്ട്. ഷട്ടറുകൾ ഭാഗികമായി തുറന്നതോടെ ഇരിട്ടി പുഴയിൽ ജലനിരപ്പ് താഴ്ന്നു. വേനൽക്കാലത്ത് ജില്ലയിൽ ഏറെ ആശ്വാസമാകുന്ന ജില്ലയുടെ കുടിവെള്ള ശ്രോതസ്സ് കൂടിയാണ് പഴശ്ശി പദ്ധതി.
മറ്റിടങ്ങളിൽ വരൾച്ച രൂക്ഷമായിരിക്കുമ്പോഴും പഴശ്ശിയിലെ ജലസംഭരണിയുടെ ഭാഗമായ ഇരിട്ടി പുഴ ഉൾപ്പെടെ ജലസമൃദ്ധമാണ്. അതിനാൽ ടൗണിലും പരിസര പ്രദേശങ്ങളിലുമുള്ള കിണറുകളിലും കുളങ്ങളിലും വെള്ളം ഉയർന്നു നിൽക്കാറാണ് പതിവ്. സാധാരണ നവംബർ മാസത്തിലാണ് പഴശ്ശി അണക്കെട്ട് ഷട്ടറുകൾ പൂർണമായും അടച്ച് ജലം സംഭരിക്കുന്നത്. ഇത്തവണയും പഴശ്ശി അണക്കെട്ട് ഷട്ടറുകൾ പൂർണമായും അടച്ച് കുടിവെള്ളം സംഭരിക്കുവാനുള്ള ഒരുക്കത്തിലാണ് അധികൃതർ.