കാറില്‍ കടത്തുകയായിരുന്ന മാരക ലഹരിമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ

ശ്രീകണ്ഠപുരം: കാറില്‍ കടത്തുകയായിരുന്ന മാരക ലഹരിമരുന്നുമായി രണ്ടുപേരെ ശ്രീകണ്ഠപുരം പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളായി കോട്ടപ്പറമ്പിലെ കളരിക്കുന്നേല്‍ കെ.കെ. അബ്ദുൽ റാഷിദ് (29) ശ്രീകണ്ഠപുരം സി.എച്ച് നഗറിലെ നെടുഞ്ചാര പുതിയപുരയില്‍ സെയ്ദ് (31) എന്നിവരെയാണ് ശ്രീകണ്ഠപുരം ഇൻസ്‍പെക്ടർ ഇ.പി. സുരേശന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ പി.പി. അശോക് കുമാർ അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച രാവിലെ തളിപ്പറമ്പ്- ഇരിട്ടി സംസ്ഥാന പാതയില്‍ ചെങ്ങളായി ചേരന്‍കുന്ന് വളവില്‍ വാഹന പരിശോധനക്കിടയിലാണ് കാറിൽനിന്ന് 8.03 ഗ്രാം എം.ഡി.എം.എ പിടിച്ചത്. മലയോര മേഖലയില്‍ വ്യാപകമായി എം.ഡി.എം.എ ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ വിതരണം ചെയ്യുന്ന റാക്കറ്റിലെ കണ്ണികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.

കാസര്‍കോട് നിന്നാണ് എം.ഡി.എം.എ വാങ്ങിയതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. ഇവരെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി. എ.എസ്.ഐമാരായ സജിമോന്‍, സുരേഷ്, ഡാന്‍സാഫ് ടീം എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. മയക്കുമരുന്ന് സംഘത്തിലെ മറ്റു ചിലരെ കൂടി പിടികൂടാനുള്ള അന്വേഷണം പൊലീസ് തുടങ്ങിയിട്ടുണ്ട്.

Leave a Comment