പോത്തുകളെ മോഷ്ടിക്കുന്ന സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ

അ​സ്‌​ഗ​ര്‍ ഹു​സൈ​ന്‍, ഇ​മ്രാ​ന്‍ അ​ലി

ശ്രീകണ്ഠപുരം: അറക്കാന്‍ കൊണ്ടുവന്ന പോത്തിനെ മോഷ്ടിച്ച് കടത്തിയ രണ്ടംഗസംഘം അറസ്റ്റില്‍. കര്‍ണാടക ഹാസന്‍ഹോള്‍ നര്‍സിപൂര്‍ ടൗണിലെ ഷിയാ മൊഹല്ലയില്‍ അസ്‌ഗര്‍ ഹുസൈന്‍ (36), ഹോള്‍ നര്‍സിപൂര്‍ ഷിയാ മൊഹല്ല ചിക്ക മസ്ദിയില്‍ ഇമ്രാന്‍ അലി (34) എന്നിവരെയാണ് പയ്യാവൂർ ഇൻസ്പെക്ടർ ടിങ്ക്വിൾ ശശി അറസ്റ്റ് ചെയ്തത്. പയ്യാവൂര്‍ ചാച്ചമ്മ ജങ്ഷനില്‍ അനൂപിന്റെ ഉടമസ്ഥതയിലുള്ള ഡെയ്‌ലി ഫ്രഷ് എന്ന സ്ഥാപനത്തില്‍ കഴിഞ്ഞ ദിവസം അറവിന് കൊണ്ടുവന്ന പോത്തിനെ മോഷ്ടിച്ച കേസിലാണ് ഇരുവരും പിടിയിലായത്.

സമീപകാലത്തായി ജില്ലയിൽ അറവിന് കൊണ്ടുവരുന്ന പോത്തുകളെ മോഷ്ടിച്ച് കടത്തിക്കൊണ്ടുപോകുന്നത് പതിവായിരുന്നു. തളിപ്പറമ്പിലും സമാനരീതിയില്‍ മോഷണം നടത്തിയിരുന്നു. തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയില്‍ കര്‍ണാടക ഹാസനിലുള്ള സംഘമാണ് ഇതിനുപിറകിലെന്ന സൂചന ലഭിച്ചിരുന്നു. തളിപ്പറമ്പ് എസ്.ഐ ഷറഫുദ്ദീന്‍, എ.എസ്.ഐ ഷിജോ അഗസ്റ്റിന്‍, സി.പി.ഒ പ്രജീഷ് എന്നിവരടങ്ങിയ പൊലീസ് സംഘം ഹാസനിലെത്തി രണ്ടുപേരെയും പിടികൂടുകയായിരുന്നു. എന്നാല്‍, ചോദ്യംചെയ്യലിലും ഇവരുടെ ഫോണ്‍ ലൊക്കേഷന്‍ പരിശോധനയിലും തളിപ്പറമ്പിലെ മോഷണവുമായി ബന്ധമില്ലെന്ന് വ്യക്തമായി.

ഇതിനിടെ, പയ്യാവൂരിലെ മോഷണത്തില്‍ എസ്.ഐ പവിത്രന്‍, എ.എസ്.ഐ കെ.വി.പ്രഭാകരന്‍, സീനിയര്‍ സി.പി.ഒ സി.വി.രജീഷ്, സി.പി.ഒ ഹാരീസ് എന്നിവരടങ്ങിയ സംഘം അന്വേഷണം തുടങ്ങിയിരുന്നു. ഇവര്‍ക്ക് സംഘത്തിന്റെ സി.സി.ടി.വി ദൃശ്യം ലഭിച്ചിരുന്നു. കര്‍ണാടക സംഘമാണ് മോഷണത്തിന് പിറകിലെന്ന സൂചനയെത്തുടര്‍ന്ന് ഇവര്‍ ഹാസനിലേക്ക് പുറപ്പെടാന്‍ ഒരുങ്ങവത്‍യാണ് രണ്ടുപേരെ പിടികൂടിയ കാര്യം അറിഞ്ഞത്. തുടര്‍ന്ന് ഇവരെ പയ്യാവൂരിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് ഇവിടെ മോഷണം നടത്തിയത് ഇവരാണെന്ന് വ്യക്തമായത്. ഇവര്‍ക്ക് പിന്നിൽ മറ്റാരെങ്കിലുമുണ്ടോയെന്നും മറ്റിടങ്ങളിലെ മോഷണങ്ങളിൽ പങ്കുണ്ടോയെന്നും പരിശോധിച്ചുവരുകയാണ്.

Leave a Comment