മട്ടന്നൂരിൽ അമ്മയും മകനും കൊല്ലപ്പെട്ടതിൽ ദുരൂഹത നീക്കി പൊലീസ്; പുറത്ത് നിന്ന് ആർക്കും പങ്കില്ല, മകന് വിഷാദ രോഗം, തലേന്നും കൗൺസലിങ്ങിന് വിധേയനാക്കി

നവനീത് കൃഷ്ണ, അമ്മ ജ്യോതി

 

മട്ടന്നൂർ (കണ്ണൂർ): മട്ടന്നൂരിൽ റിട്ടയേഡ് അധ്യാപികയായ അമ്മയും മകനും വെട്ടേറ്റു മരിച്ച സംഭവത്തിൽ പുറത്ത് നിന്ന് ആർക്കും പങ്കി​ല്ലെന്ന് പൊലീസ്. അമ്മ ജ്യോതിയെ വെട്ടിക്കൊലപ്പെടുത്തിയത് മകൻ നവീൻ കൃഷ്ണ (21) തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൃത്യത്തിന് ശേഷം നവീൻ സ്വയം നെഞ്ചിൽ കത്തി കുത്തിയിറക്കി ജീവനൊടുക്കുകയായിരുന്നുവെന്നും സിറ്റി പൊലീസ് കമീഷണർ വിജയ്ഭരത് റെഡ്ഡി പറഞ്ഞു.

മട്ടന്നൂർ മഹാദേവ ക്ഷേത്രത്തിനു സമീപം ലയൺസ് ക്ലബ് റോഡിലെ ‘നന്ദന’ത്തിൽ സി. ജ്യോതി (56), മകൻ നവീൻ കൃഷ്ണ (21) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്. നവീൻ കൃഷ്ണ കടുത്ത വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. കൊലപാതകം നടക്കുന്നതിന്റെ തലേദിവസവും കൂത്തുപറമ്പിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ഇയാൾ കൗൺസിലിങ്ങിന് വിധേയനായിരുന്നു.

ചൊവ്വാഴ്ച രാവിലെ 10.30ഓടെ ക്ഷേത്രത്തിൽ പോയി മടങ്ങിയെത്തിയ ജ്യോതിയുടെ ഭർത്താവ് കെ.ടി. ജയകൃഷ്ണനാണ് ഇരുവരെയും ചോരയിൽ കുളിച്ച നിലയിൽ കണ്ടത്. വീടിന്റെ മുകളിലെത്തെ നിലയിലെ വരാന്തയിലായിരുന്നു മൃതദേഹങ്ങൾ. ഇദ്ദേഹത്തിന്റെ കരച്ചിൽ കേട്ടാണ് അയൽക്കാർ ഓടിയെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർന്ന് മൃതദേഹങ്ങൾ തലശ്ശേരി ഗവ. ആശുപത്രിയിലേക്ക് മാറ്റി. ഇരുവർക്കും കഴുത്തിലും നെഞ്ചിലുമായാണ് വെട്ടേറ്റത്.

രാവിലെ ഒമ്പതരയോടെ വീട്ടിൽനിന്ന് ബഹളം കേട്ടതായി അയൽവാസികൾ പറഞ്ഞു. പിന്നീട് ഒരുമണിക്കൂറിന് ശേഷമാണ് ജയകൃഷ്ണന്റെ നിലവിളി കേട്ട് ഓടിച്ചെല്ലുന്നത്. വീട്ടിൽ കുടുംബാംഗങ്ങൾ തമ്മിൽ പ്രശ്‌നങ്ങളൊന്നും ഉള്ളതായി അറിവില്ലെന്ന് സമീപവാസികൾ പറഞ്ഞു. വെട്ടാനുപയോഗിച്ച കത്തി മുറിയിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.

കാവുമ്പടി സി.എച്ച്.എം ഹയർസെക്കൻഡറി സ്‌കൂളിലെ റിട്ട. അധ്യാപികയാണ് ജ്യോതി. ഈ വർഷമാണ് വിരമിച്ചത്. മകൻ നവീൻ ബി.കോം പൂർത്തിയാക്കിയ ശേഷം ചാർട്ടേഡ് അക്കൗണ്ടൻസി കോഴ്‌സിന് പഠിക്കുകയാണ്. നവനീത് സഹോദരനാണ്. ഗൃഹനാഥനായ ജയകൃഷ്ണൻ റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരനാണ്.

പരേതനായ ഇടവേലിക്കലിലെ പി.വി. പത്മനാഭൻ മാസ്റ്ററുടെയും റിട്ട. അധ്യാപിക സി. മീനാക്ഷിയുടെയും മകളാണ് ജ്യോതി. സഹോദരങ്ങൾ: മനോജ് (മുംബൈ), ഗീത (റിട്ട. പ്രഥമാധ്യാപിക, കൂടാളി ഹയർസെക്കൻഡറി സ്‌കൂൾ).

കൂത്തുപറമ്പ് എ.സി.പി എം.പി. ആസാദ്, മട്ടന്നൂർ ഇൻസ്‌പെക്ടർ എം.വി. ഷീജു, എസ്.ഐ വി.വി. ദീപ്തി തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. വിരലയടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും വീടും പരിസരവും പരിശോധിച്ചു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് സംസ്‌കരിക്കും.

Leave a Comment