പഴയങ്ങാടി: മാടായി എസ്.ബി.ഐയിലെ ജീവനക്കാരി അടുത്തിലയിലെ ടി. കെ.ദിവ്യ(37) ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഉണ്ണികൃഷ്ണൻ, ഭർതൃ മാതാവ് പത്മാവതി എന്നിവരെ പയ്യന്നൂർ ഡിവൈ.എസ്.പി.എ.ഉമേഷ് അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ ജനുവരി 25നാണ് ദിവ്യയെ അടുത്തിലയിലെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്.
ഗാർഹിക പീഡനവും കടുത്ത ജാതി അധിക്ഷേപവും ഭർത്താവിൽ നിന്നും ഭർതൃമാതാവിൽനിന്നും മകൾ ദിവ്യ നേരിട്ടതായി ദിവ്യയുടെ പിതാവ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട പിതാവ് ശങ്കരൻ നൽകിയ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം തുടരുകയായിരുന്നു.
ഭർതൃഗൃഹത്തിൽ കൊടിയ പീഡനം അനുഭവിച്ചതായി യുവതി വാസ് ആപ്പിൽ സുഹൃത്തിന് അയച്ച സന്ദേശം കണ്ടെത്തിയതും അന്വേഷണത്തിൽ വഴിത്തിരിവായി. ഒരു വർഷം മുമ്പാണ് അടുത്തിലയിലെ ഉണ്ണികൃഷ്ണനുമായി യുവതിയുടെ വിവാഹം നടന്നത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. അടുത്തിലയിലെ എം. ശങ്കരൻ വിജയലക്ഷി ദമ്പതികളുടെ മകളാണ് ദിവ്യ.
അറസ്റ്റിലായ ഉണ്ണികൃഷ്ണനും മാതാവ് പത്മാവതിയും നേരത്തെ മുൻകൂർ ജാമ്യം നേടിയതിനാൽ അറസ്റ്റ് ചെയ്ത ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.