കേളകം: മലയോര മേഖലയിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷം. കർഷകർ വലയുന്നു. കാട്ടുപന്നിയുടെ ആക്രമണം മൂലം കർഷകർ ഭക്ഷ്യ വിളകളുടെ കൃഷി ഉപേക്ഷിച്ച് മറ്റ് തൊഴിലുകൾ തേടിപ്പോകുന്ന സ്ഥിതിയാണ്.
നടുന്നതെല്ലാം രാത്രി കൂട്ടത്തോടെയെത്തുന്ന കാട്ടുപന്നികൾ പൂർണമായി നശിപ്പിക്കുകയാണ്. കാട്ടുപന്നിയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ഇരുചക്രവാഹനങ്ങളിൽ കാട്ടുപന്നികളിടിച്ച് അപകടങ്ങളുണ്ടാവുകയും ചെയ്തിട്ടുണ്ട്.
പകലെന്നോ രാത്രിയെന്നോ ഇല്ലാതെ നാട്ടിൽ കാട്ടുപന്നി കറങ്ങി നടക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന പന്നിക്കൂട്ടങ്ങളെ നിയന്ത്രിക്കുന്നതിന് യാതൊരു നടപടിയും പഞ്ചായത്ത് അധികൃതർ സ്വീകരിക്കുന്നില്ലെന്ന് കർഷകർ ആരോപിക്കുന്നു. കർഷകരുടെ കപ്പ, വാഴ, ചേന, ചേമ്പ്, തെങ്ങിൻ തൈകൾ എന്നിവ നിരന്തരം നശിപ്പിക്കുന്നതുമൂലം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് നേരിടുന്നത്. ഇതു കാരണം രാത്രി അത്യാവശ്യ കാര്യങ്ങൾക്കു പോലും ടൂ വീലർ യാത്രക്കാർക്ക് യാത്രചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്.
പുലർച്ച റബർ ടാപ്പിങ് തൊഴിലാളികൾക്കും ഇവകളുടെ അക്രമണം നേരിടേണ്ടിവരുന്നു. പൊന്തക്കാടുകളായി മാറിയ കൃഷിയിടങ്ങളും കാടുപിടിച്ച് കിടക്കുന്ന റബർ തോട്ടങ്ങളും കാട്ടുപന്നികളുടെ വർധനക്ക് കാരണമാകുന്നതായി കർഷകർ പറയുന്നു. ഇവകളെ വെടിവെച്ച് കൊല്ലുന്നതിന് പഞ്ചായത്ത് കേന്ദ്രീകരിച്ച് പ്രാദേശിക ഷൂട്ടർമാരെ നിയമിക്കണമെന്നാണ് കർഷകരുടെ ആവശ്യം. കേളകം, കൊട്ടിയൂർ, കണിച്ചാർ, ആറളം, കോളയാട്. മുഴക്കുന്ന്, അയ്യംകുന്ന് പഞ്ചായത്തുകളിലെ ഗ്രാമങ്ങളിലും കൃഷിയിടങ്ങളിലും കാട്ടുപന്നികളുടെ പരാക്രമം തുടരുകയാണ്.