ചെറുപുഴ: പൊലീസ് സ്റ്റേഷന് പരിധിയിലെ പുളിങ്ങോത്തും ഇടവരമ്പിലും മോഷണം. ഏതാനും ദിവസം മുമ്പു നടന്ന മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഇക്കഴിഞ്ഞ 10ന് പുലര്‍ച്ചയായിരുന്നു മോഷണപരമ്പര. ഇടവരമ്പ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ കയറിയ മോഷ്ടാവിന് വിലപിടിപ്പുള്ളതൊന്നും ലഭിച്ചില്ല. ക്ഷേത്രം ഭാരവാഹികള്‍ എല്ലാ ആഴ്ചയും ഭണ്ഡാരം തുറന്ന് കാണിക്കകള്‍ വരവു വെക്കാറുള്ളത് പതിവുള്ളതിനാലാണ് പണം നഷ്ടമാകാതിരുന്നത്. ക്ഷേത്രത്തില്‍ സി.സി.ടി.വിയുള്ളത് മനസ്സിലാക്കിയ കള്ളന് മുഖം മറച്ചാണ് മോഷണത്തിന് ശ്രമിച്ചത്.
പുളിങ്ങോം ടൗണില്‍ എം. രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള ചിക്കന്‍ സ്റ്റാളിലും ഇതേ ദിവസമാണ് മോഷണം നടന്നത്. ഇവിടെ സൂക്ഷിച്ചിരുന്ന നാലായിരത്തോളം രൂപയുടെ നാണയത്തുട്ടുകള്‍ കള്ളന് കവര്‍ന്നു. കടയുടെ വാതിലിന്റെ പൂട്ടുതകര്‍ത്താണ് കള്ളന് അകത്തു കയറിയത്. സമീപത്തെ കാര്‍ഷിക നഴ്സറിയില്‍ കടന്ന് സാധനസാമഗ്രികള്‍ വാരിവലിച്ച് പുറത്തിട്ടാണ് കള്ളന് കടന്നുകളഞ്ഞത്. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ചെറുപുഴ പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ക്ഷേത്രത്തില്‍നിന്നും ചിക്കന്‍ സ്റ്റാളില്‍ നിന്നുമുള്ള മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നത്.