കേളകം: ആറളം പുനരധിവാസ മേഖലയുടെയും ആറളം കാർഷിക ഫാമിന്റെയും സംരക്ഷണത്തിനായി ആറളം വന്യജീവി സങ്കേതം അതിർത്തിയിൽ നിർമിക്കുന്ന ആനമതിലിന്റെ പ്രവൃത്തി ഇഴഞ്ഞ് നീങ്ങുമ്പോൾ ഡസൻ കണക്കിന് കാട്ടാനകൾ മേഖലയിൽ മതിച്ച് മേയുകയാണ്. കൂടുതൽ കാട്ടാനകൾ ആറളത്തെ പുനരധിവാസ മേഖലയിലേക്കും കാർഷിക ഫാമിലേക്കും എത്തിക്കൊണ്ടിരിക്കുന്ന അവസ്ഥയിൽ ആന മതിൽ നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാകേണ്ടതാണ് നിലവിലെ അവസ്ഥ.
മാർച്ച് 31നകം ആറളത്തെ ആന മതിൽ പൂർത്തിയാക്കണമെന്ന് പട്ടിക വർഗ വികസന വകുപ്പ് പൊതുമരാമത്ത് വകുപ്പ് കെട്ടിട നിർമാണ വിഭാഗത്തിന് നിർദ്ദേശം നൽകിയെങ്കിലും നിർമാണത്തിന് വേഗതയില്ലെന്ന് മേഖലയിലെ പുനരധിവാസ കുടുംബങ്ങളും നാട്ടുകാരും പറയുന്നു. ഒന്നര ദശകമായി കാട്ടാനശല്യം മൂലം പൊറുതിമുട്ടിയ അവസ്ഥയിലാണ് നിരവധി പ്രതിബന്ധങ്ങളെ മറികടന്ന് വനാതിർത്തിയിൽ ആന മതിൽ നിർമാണം ആരംഭിച്ചത്. മതിൽ സമയ ബന്ധിതമായി പൂർത്തിയാക്കുന്നതിനായി കലക്ടറുടെ മേൽനോട്ടത്തിൽ വകുപ്പ് മേധാവികളെ ഉൾപ്പെടുത്തി മേൽനോട്ട സമിതിയും രൂപവത്കരിച്ചിരുന്നു.
എന്നിട്ടും 10 കിലോമീറ്ററിലേറെ വരുന്ന മതിൽ നിർമാണം അനിശ്ചിതമായി നീളുന്നു. ഇതിനെത്തുടർന്ന് എസ്സി-എസ്ടി കമീഷണർ ശേഖർ മിനിയോടന്റെ നേതൃത്വത്തിൽ ഫാമിൽ ചേർന്ന യോഗത്തിലാണ് മതിൽ നിർമാണം വേഗത്തിലാക്കി മാർച്ച് 31നകം പൂർത്തിയാക്കാൻ നിർദേശം നൽകിയത്. നാല് കിലോമീറ്റർ മതിലിന്റെ നിർമാണം കഴിഞ്ഞ മാർച്ചിൽ തീരേണ്ടതായിരുന്നെങ്കിലും രണ്ട് കിലോ മീറ്റർ മാത്രമാണ് ഇതുവരെ പൂർത്തിയായത്. ഇത്രയും ഭാഗം ഒക്ടോബർ പകുതിയോടെ പൂർത്തിയാക്കാനും ശേഷിക്കുന്ന ഏഴ് കിലോമീറ്ററോളം ഭാഗം മാർച്ച് അവസാനത്തോടെ പൂർത്തിയാക്കാനുമാണ് നിർദേശം. എന്നാൽ, നടപടികൾ ഇഴയുന്നതിനാൽ ആന മതിൽ എന്ന് പൂർത്തിയാകുമെന്നതും കണ്ടറിയണമെന്നതാണ് നിലവിലെ അവസ്ഥ.
ഏഴു വർഷത്തെ നഷ്ടം 85 കോടി
വന്യ ജീവികളുടെ വിഹാര കേന്ദ്രമായി മാറിയ ആറളം ഫാമിങ് കോർപറേഷന്റെ കൃഷി ഭൂമിയിൽ കഴിഞ്ഞ 7 വർഷത്തെ നഷ്ടം 85 കോടിയിലധികം രൂപ. തെങ്ങ്, കവുങ്ങ്, കുരുമുളക്, കശുമാവ്, കൊക്കോ, തുടങ്ങിയ ഫാമിൽ കൃഷി ചെയ്ത എല്ലാ ത്തരം വിളകളും വന്യ മൃഗങ്ങളു ടെ ആക്രമണത്തിൽ നശിച്ചു.
ചില ബ്ലോക്കുകൾ കാർഷിക വിളകൾ ഒന്നുപോലും അവശേഷിക്കാതെ സ്ഥലം തരിശായി മാറി. കാട്ടാനകളുടെ ബാഹുല്യം കാരണംവീണ്ടും അവിടെ കൃഷിയിറക്കാൻ സാധിക്കാത്ത സ്ഥിതിയാണുള്ളത്. ആന, മുള്ളൻ പന്നി, കാട്ടുപന്നി, കുരങ്ങ്, മാൻ, മയിൽ, തുടങ്ങിയവയാണ് കൃഷി നശിപ്പിക്കുന്നതിൽ മുന്നിൽ. ഈ കാലയളവിൽ പുതിയ കൃഷികൾ ഇറക്കാൻ പറ്റാത്തതിന്റെ നഷ്ടം വേറെയും ഉണ്ട്.
2017 ജൂൺ മുതൽ ഡിസംബർ മാസം വരെ 7,42,1150, 2018 ജനു വരി മുതൽ ഡിസംബർ വരെ 2,95,3000, 2019 ജനുവരി മുതൽ ഡിസംബർ വരെ 15,93,83,950, 2020 ജനുവരി മുതൽ ഡിസംബർ വരെ 18,59,54,050, 2021 ജനുവരി മുതൽ ഡിസംബർ വരെ 19,32,40,275, 2022 ജനുവരി മുതൽ ഡിസംബർ വരെ 3,04,77850, 2023 ജനുവരി മുതൽ ഡിസംബർ വരെ 21,52,21,100, 2024 ജനുവരി മുതൽ മേയ് മാസം വരെ 6,33,73,650 രൂപയുടെ നഷ്ടമാണ് കണക്കിയിട്ടുള്ളത്. ആകെ 85,80,25025 രൂപ യാണ് നഷ്ടം കണക്കാക്കിയത്.