പഴയങ്ങാടി: മാലിന്യം കൂട്ടിയിട്ടും കത്തിച്ചും തോട്ടിലിട്ടും അശാസ്ത്രീയമായ രീതിയിൽ സംസ്കരിച്ചതായി ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഏഴോം ഗ്രാമപഞ്ചായത്ത് പരിധിയിലെ പഴയങ്ങാടി ടൗണിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി.
അശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് വിവിധ സ്ഥാപനങ്ങൾക്കായി 40,000 രൂപ എൻഫോർസ്മെന്റ് അധികൃതർ പിഴ ചുമത്തി. മാലിന്യങ്ങൾ തൊട്ടിലേക്കും കണ്ടൽ കാടിലേക്കും തള്ളിയതിനും മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിനും കോൺക്രീറ്റ് മാലിന്യങ്ങൾ ഉൾപ്പെടെ കണ്ടൽകാടിന് സമീപം തള്ളിയതിനും യെസ് മാർട്ട് സൂപ്പർ മാർക്കറ്റിനു 25,000 രൂപയും മാലിന്യങ്ങൾ ചാക്കിൽ കെട്ടിയും അല്ലാതെയും പരിസര പ്രദേശത്ത് നിക്ഷേപിച്ചതിന് ഫാമിലി ഹൈപ്പർ മാർക്കറ്റിന് 5000 രൂപയും മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിന് ഫാദി കോംപ്ലക്സിൽ പ്രവർത്തിച്ചുവരുന്ന ശ്രവണ ഹിയറിങ് എയ്ഡ് സെന്ററിനും എക്സ്പ്രസ് പ്രസിനും 5000 രൂപ വീതവും പിഴ ചുമത്തി. പരിശോധനയിൽ ജില്ല എൻഫോർസ്മെന്റ് സ്ക്വാഡ് ടീം ലീഡർ പി.പി. അഷ്റഫ്, സ്ക്വാഡ് അംഗം അലൻ ബേബി, സി.കെ. ദിബിൽ ഏഴോം ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ പി.പി. പ്രിയ, ക്ലാർക്ക് ഫ്രാൻസിസ് സേവ്യർ എന്നിവർ പങ്കെടുത്തു.