കേളകം: കൊട്ടിയൂരിൽ വീണ്ടും കടുവ ഭീതി. വെള്ളിയാഴ്ച രാത്രി ഒമ്പതോടെ മന്ദഞ്ചേരി മുത്തപ്പൻ അമ്പലത്തിന് സമീപത്ത് കടുവയെ കണ്ടതോടെയാണ് പ്രദേശം വീണ്ടും ഭീതിയിലായത്. ബൈക്ക് യാത്രികരായ പാനികുളങ്ങര ജോസഫ്, ദാസൻ എന്നിവരാണ് റോഡ് മുറിച്ച് കടന്നുപോവുകയായിരുന്ന കടുവയെ കണ്ടത്.
വിവരം ലഭിച്ചതിനെ തുടർന്ന് വനം വകുപ്പും പൊലീസും നാട്ടുകാരും പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. കൊട്ടിയൂർ, കേളകം പഞ്ചായത്തുകളിൽ ദിവസങ്ങളായി കടുവ ഭീതി നിലനിൽക്കുന്നുണ്ട്. നിരന്തരം ആളുകൾ കടുവയെ കണ്ടിട്ടും കൂടുവെച്ചു പിടികൂടുന്നതിന് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞദിവസം അടക്കാത്തോട് രാമച്ചി-ശാന്തിഗിരി മേഖലയിലും കടുവയെ കണ്ടവർ നിരവധിയാണ്.