കേളകം: ആറളം ഫാമിലെ കാട്ടാന തുരത്തൽ ദൗത്യം തുടരുമ്പോൾ രണ്ടാം ദിവസവും ആനകളെ കാടുകയറ്റാനായില്ല. കഴിഞ്ഞദിവസം കണ്ടെത്തി നിരീക്ഷണത്തിൽ നിർത്തിയ പതിമൂന്നോളം കാട്ടാനകളെ ശനിയാഴ്ച നടത്തിയ തിരച്ചിലിൽ കണ്ടെത്താനായില്ല. രണ്ടാം ദിനമായ ശനിയാഴ്ചയും രാവിലെ ഏഴോടെ ദൗത്യം ആരംഭിച്ചു. വൈകീട്ട് അഞ്ചുവരെ ഇവയെ കണ്ടെത്താനുള്ള ശ്രമം തുടർന്നു. ഒരുകുട്ടിയാനയടക്കം മൂന്നോളം ആനകളെ കണ്ടെത്താനായെങ്കിലും ഇവയെ കാടുകയറ്റാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു.
രണ്ടാംഘട്ടത്തിന്റെ ആദ്യദിവസമായ വെള്ളിയാഴ്ച ഫാമിലെ കാർഷിക മേഖലയായ ഒന്നാം ബ്ലോക്കിൽ നിന്നായിരുന്നു തുരത്തൽ ആരംഭിച്ചത്. ഒന്ന്, രണ്ട്, അഞ്ച് ബ്ലോക്കുകളിലായി കണ്ടെത്തിയ പതിമൂന്നോളം ആനകളെ നാലു കി.മീറ്ററിലേറെ തുരത്തി ബ്ലോക്ക് എട്ടിൽ എത്തിച്ചെങ്കിലും കനത്ത വേനൽ ചൂടിൽ ആനകൾ നീങ്ങാതെ വന്നതോടെ മൂന്നോടെ ദൗത്യം താൽക്കാലികമായി നിർത്തി. വൈകീട്ട് വീണ്ടും ശ്രമം നടത്തിയെങ്കിലും ബ്ലോക്ക് എട്ടിൽനിന്ന് ബ്ലോക്ക് നാലിലെ ഫാം സ്കൂളിന് സമീപത്തേക്ക് എത്തിയ ആനകൾ ഓടന്തോട് -കീഴ്പ്പള്ളി റോഡ് മുറിച്ചുകടക്കാൻ കൂട്ടാക്കാതെ ബ്ലോക്ക് നാലിൽ തന്നെ നിലയുറപ്പിച്ചു.
ഇവയെ മറ്റു മേഖലയിലേക്ക് പോകാതെ ഇവിടെ തന്നെ നിലയുറപ്പിച്ചുനിർത്താൻ വനപാലകർ നിരീക്ഷണം നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ശനിയാഴ്ച രാവിലെ ഇവയെ കാണാനില്ലാത്ത അവസ്ഥയായിരുന്നു. ശനിയാഴ്ച കണ്ടെത്തിയ അമ്മയെയും കുട്ടിയാനയെയും താളിപ്പാറ വരെ എത്തിച്ചെങ്കിലും കാടുകയറ്റാനായില്ല. നിരോധനാജ്ഞ അടക്കമുള്ള സുരക്ഷ സംവിധാനങ്ങളോടെ ഞായറാഴ്ചയും ആനകളെ കണ്ടെത്തി തുരത്താനുള്ള ദൗത്യം തുടരും.