ഇരിട്ടി: ബി.എസ്.എൻ.എല്ലിന്റെ പൂട്ടിയിട്ട എക്സ്ചേഞ്ചുകൾ കേന്ദ്രീകരിച്ച് ജില്ലയിൽ വൻ മോഷണം. വിലപിടിപ്പുള്ള ഉപകരണങ്ങളടക്കം മോഷണം പോയി. ഇരിട്ടി, ആലക്കോട് മേഖലകളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ മോഷണം നടന്നത്. ഇരിട്ടി എക്സ്ചേഞ്ചിന് കിഴിലെ കിളിയന്തറ, ഉളിയിൽ എക്സ്ചേഞ്ച്, ആലക്കോട് തേർത്തല്ലി എക്സ്ചേഞ്ച് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായ കുറവുകാരണം ഇവിടങ്ങളിലെ ടെലിഫോൺ എക്സ്ചേഞ്ചുകൾ പൂട്ടിയിരുന്നു. കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങളുള്ള ഇത്തരം ഓഫിസുകളിൽ കാര്യമായ സുരക്ഷസംവിധാനം ഉണ്ടായിരുന്നില്ല. പ്രവർത്തിക്കാത ഓഫിസുകളിലെ ഉപയോഗശൂന്യമായ ഇലക്ട്രോണിക്സ് ഭാഗങ്ങൾ ലേലം ചെയ്യുന്നതിനുള്ള നടപടി ആരംഭിച്ചപ്പോഴാണ് മോഷണം ശ്രദ്ധയിൽപെട്ടത്.
ദേശീയാടിസ്ഥാനത്തിൽ ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങൾ ലേലം ചെയ്യാൻ ഓൺലൈൻ മുഖാന്തരം അറിയിപ്പ് നൽകിയിരുന്നു. ഇത് കണ്ട് ഇതര സംസ്ഥാനത്തു നിന്നുള്ള ഒരു സംഘം ഈ ഓഫിസുകളിൽ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവ കാണാതാവുന്നത്.തേർത്തല്ലി എക്സചേഞ്ചിൽ നിന്നും 127 ലൈൻ കാർഡുകളാണ് ആദ്യം മോശം പോയത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ബി.എസ്.എൻ.എൽ അധികൃതർ അംഗങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപുകളിൽ സന്ദേശം നൽകി. തുടർന്ന് ഇരിട്ടി ടെലിഫോൺ എക്സ്ചേഞ്ചിന്റെ പരിധിയിലെ കിളിയന്തറയിലും ഉളിയിലും പരിശോധന നടത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. മോഷണം പോയ ലൈൻകാർഡിന് ഒന്നിന് 3000ത്തോളം രൂപ വിലയുണ്ട്.
പരിശോധനയിൽ ഉളിയിൽ എക്സ്ചേഞ്ചിൽ നിന്നും 64 ലൈൻ കാർഡുകളും കിളിയന്തറയിൽ നിന്നും 40 ലൈൻ കാർഡുകളും നഷ്ടപ്പെട്ടതായി കണ്ടെത്തി. ഇരിട്ടി എക്സ്ചേഞ്ച് ജെ.ടി.ഒ ഷിന്റോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇരിട്ടി പൊലീസും ഡോഗ് സ്കോഡും സ്ഥലത്തെത്തി പരിശോധന നടത്തി. കിളിയന്തറയിലും ഉളിയിലും കെട്ടിടത്തിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ ഉള്ളിൽ കയറിയത്.
ലേല നടപടികളുടെ മുന്നോടിയായി ലേലം ചെയ്യപ്പെടുന്ന വസ്തു പരിശോധിക്കാൻ എത്തിയ സംഘമാണ് മോഷണം നടത്തിയത് എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. എന്നാൽ പരിശോധനക്ക് എത്തിയ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ മറ്റ് വിവരങ്ങളൊന്നും ബി.എസ്.എൻ.എൽ അധികൃതർക്കും ലഭ്യമല്ല. ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് അന്വേഷണം ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം. ഉപകരണങ്ങൾ കാണാനായി എത്തിയവരുടെ സി.സി.ടി.വി ദൃശ്യം കിട്ടുന്നതിനുള്ള പരിശോധനയും പൊലീസ് ആരംഭിച്ചിട്ടുണ്ട്. എസ്.ഐ പ്രകാശൻ ഡോഗ് സ്ക്വാഡ് എസ്.ഐ എൻ.സി. ബിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.