കൂത്തുപറമ്പ്: മാങ്ങാട്ടിടം പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടാം ഘട്ടമായി നിർമാണം പൂർത്തീകരിച്ച 37 വീടുകളുടെ താക്കോൽ ഗുണഭോക്താക്കൾക്ക് കൈമാറി. 60 വീടുകളാണ് രണ്ടാം ഘട്ടത്തിൽ പഞ്ചായത്തിൽ നിർമിക്കുന്നത്. രണ്ടു മാസത്തിനകം മറ്റു വീടുകളുടെ നിർമാണം പൂർത്തീകരിച്ച് ഉടമസ്ഥർക്ക് കൈമാറാനുള്ള പ്രവർത്തനങ്ങളും നടന്നുവരുകയാണ്. മന്ത്രി എം.ബി. രാജേഷ് താക്കോൽ കൈമാറി.
പഞ്ചായത്ത് പ്രസിഡൻറ് പി.സി. ഗംഗാധരൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി എസ്. അനിൽ റിപ്പോർട്ട് അവതരിപ്പിച്ചു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ. ഷീല വിശിഷ്ടാതിഥിയായി. ബ്ലോക്ക് പഞ്ചായത്തംഗം പി.കെ. ബഷീർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി. ബാലൻ, കെ.പി. ബാലകൃഷ്ണൻ, പി.പി. രാഗേഷ്, ഇബ്രാഹിം പഞ്ചാര, മിഥുൻ കണ്ടംകുന്ന്, എൻ.വി. ശ്രീജ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് കെ. ശാന്തമ്മ സ്വാഗതവും അസി. സെക്രട്ടറി പി. ലതീഷ് ബാബു നന്ദിയും പറഞ്ഞു.