ശ്രീകണ്ഠപുരം: ഏരുവേശ്ശി നെല്ലിക്കുറ്റി കോട്ടക്കുന്നിൽ കിടപ്പുരോഗിയായ വയോധിക പാരകൊണ്ട് തലക്കടിയേറ്റു മരിച്ചു. സംഭവത്തിൽ ഭർത്താവ് അറസ്റ്റിലായി. മേട്ടുംപുറത്ത് വീട്ടിൽ ഭവാനിയാണ് (72) കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം.
രണ്ടു വർഷമായി അസുഖബാധിതയായി ശരീരം തളർന്ന് കിടക്കുകയായിരുന്ന ഭവാനിയെ ഭർത്താവ് നാരായണൻ (77) കമ്പിപ്പാരകൊണ്ട് തലക്കടിച്ചുവെന്നാണ് പരാതി. തുടർന്ന് ഇയാൾ വീട്ടിൽനിന്ന് ഇറങ്ങിപ്പോയി. ശബ്ദം കേട്ട് ഓടിയെത്തിയ മകൻ അമ്മയെ ഉടൻ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു.
കുടിയാന്മല എസ്.ഐ നിബിൻ ജോയിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വൈകീട്ടോടെ നാരായണനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത ശേഷം രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തി. മക്കൾ: ബാബു (അനിൽ), ഷൈല, ബിന്ദു. മരുമക്കൾ: മോഹനൻ പുതുപ്പള്ളിയിൽ (നടുവിൽ), അജിത ഇളംതുരുത്തിയിൽ (വെള്ളാട്), ഷാജി പുത്തൻപറമ്പിൽ (ചുങ്കക്കുന്ന്).