പേരാവൂർ: ആദിവാസി യുവതിയെന്ന വിവരം മറച്ചുവെച്ചാണ് ഇടനിലക്കാരന് ബെന്നി അവയവദാനത്തിനുള്ള പൊലീസ് സര്‍ട്ടിഫിക്കറ്റ് നേടിയതെന്ന് നിടുംപൊയിൽ സ്വദേശിയായ ആദിവാസി യുവതി. ഇതിനായി യുവതിയുടെ ആധാറിലെയും റേഷൻ കാര്‍ഡിലെയും വിലാസങ്ങള്‍ എറണാകുളം ജില്ലയിലെ എടത്തല പഞ്ചായത്തില്‍ ചുണങ്ങംവേലിയിലേക്ക് മാറ്റി. ആദിവാസി വിഭാഗമായതിനാല്‍ വൃക്ക നല്കാന് ഇരിട്ടി ഡിവൈ.എസ്.പിയില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ലെന്ന് ബെന്നി പറഞ്ഞതായി യുവതി പറഞ്ഞു. ആദിവാസി യുവതിയാണെന്ന് മറച്ചുവെച്ചാണ് എറണാകുളത്തുനിന്ന് പൊലീസിന്റെ സര്‍ട്ടിഫിക്കറ്റ് നേടിയത്. അവയവദാനത്തിന് ഒമ്പതു ലക്ഷം രൂപയാണ് ബെന്നി വാഗ്ദാനം ചെയ്തത്.
ഇത്തരത്തില്‍ നിരവധി പേരുടെ റേഷൻ കാര്‍ഡിലെയും ആധാര്‍ കാര്‍ഡിലെയും വിലാസങ്ങള്‍ മാറ്റിയിട്ടുണ്ട്. അവയവദാനം ചെയ്ത പലരും വലിയ ബുദ്ധിമുട്ട് നേരിടുന്നതായി വാര്‍ത്ത പുറത്തുവന്നശേഷം ഫോണ്‍ വിളിച്ചുപറഞ്ഞതായി യുവതി വെളിപ്പെടുത്തി. വലിയ തുക നല്‍കാമെന്ന് പറഞ്ഞാണ് ഇടനിലക്കാരന് പ്രലോഭിപ്പിക്കുമെങ്കിലും ഒടുവില്‍ ചെറിയ തുക മാത്രമാണ് നല്‍കുക. എറണാകുളത്തുനിന്ന് രക്ഷപ്പെടാന്‍ സഹായിച്ച സുഹൃത്തിനെ ഇടനിലക്കാരനും ഭര്‍ത്താവും ചേര്‍ന്ന് കള്ളക്കേസില്‍ കുടുക്കിയതായും യുവതി ആരോപിച്ചു.
കണ്ണൂരിൽ അവയവ കച്ചവടത്തിനായി ഇടനിലക്കാരൻ ബെന്നി കൂടുതൽ പേരെ സമീപിച്ചിരുന്നുവെന്ന് പൊലീസിന് വിവരം ലഭിക്കുകയും എറണാകുളം കേന്ദ്രീകരിച്ച് ഇയാൾ ഇടപാടുകൾ നടത്തിയെന്ന് കണ്ടെത്തുകയും ചെയ്തിട്ടും വൃക്ക വാണിഭത്തിൽ കേസെടുത്തതല്ലാതെ പ്രതിയെ കണ്ടെത്തി തുടർനടപടികൾ നീക്കുന്നതിൽ പൊലീസിന് കൂടുതൽ മുന്നോട്ടുപോകാനായില്ല. പേരാവൂർ ഡി.വൈ.എസ്.പിക്കായിരുന്നു അന്വേഷണ ചുമതല.