
ഇരിട്ടി: അധ്യാപകരുടെയടക്കം മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ കോളജ് വിദ്യാർഥികളുടെ ഫോണിൽ കണ്ടെത്തിയത് പ്രതികളുടെ സഹപാഠികൾ. പ്രതികളിൽ ഒരാളുടെ ഫോണിൽ ചിത്രമെടുത്ത സഹപാഠികൾ അത് ഫോൺ ഗാലറിയിൽ തിരയുന്നതിനിടെയാണ് മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ ശ്രദ്ധിച്ചത്. തുടർന്ന് അധ്യാപകരെയും രക്ഷിതാക്കളെയും അറിയിക്കുകയായിരുന്നു.
സംഭവത്തിൽ മൂന്ന് കോളജ് വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. അങ്ങാടിക്കടവ് ഡോൺബോസ്കോ കോളജ് ബിരുദ വിദ്യാർഥികളായ മുഹമ്മദ് ഷാൻ (19), ഷാരോൺ രാജേഷ് (24), അഖിൽ ചാക്കോ (22) എന്നിവർക്കെതിരെയാണ് കരിക്കോട്ടക്കരി പൊലീസ് കേസെടുത്തത്.
രക്ഷിതാക്കളുടെയും പ്രിൻസിപ്പലിന്റെയും പരാതിയിലാണ് നടപടി. ഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ ചിത്രങ്ങൾ എവിടെയെല്ലാം പ്രചരിപ്പിച്ചെന്ന് പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. വിദ്യാർഥികളിൽനിന്ന് പരാതി ലഭിച്ചതോടെ കോളജ് പ്രിൻസിപ്പൽ തന്നെയാണ് ശക്തമായ നടപടിക്ക് നിർദേശിച്ചതും ആദ്യം പൊലീസിൽ പരാതി നൽകിയതും.