
പാനൂർ: മുതിർന്ന വിദ്യാർഥികളെ ബഹുമാനിക്കുന്നില്ലെന്നാരോപിച്ച് പ്ലസ് വൺ വിദ്യാർഥിയെ� മർദിച്ച് ഇടതു കൈയിലെ രണ്ട് എല്ലുകൾ പൊട്ടിച്ച സംഭവത്തിൽ അഞ്ചു പേർക്കെതിരെ കേസെടുത്തു. റാഗിങ് ചെയ്ത സംഭവത്തിൽ പ്ലസ് ടു വിദ്യാർഥികളായ ഫസൽ (18), നസൽ (18), നഹ്യാൻ (18) തുടങ്ങി കണ്ടാലറിയാവുന്ന അഞ്ചു പേർക്കെതിരെയാണ് കൊളവല്ലൂർ പൊലീസ് കേസെടുത്തത്.
പാറാട് പി.ആർ മെമ്മോറിയൽ കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ കോമേഴ്സ് വിദ്യാർഥി മുഹമ്മദ് നിഹാലിനാണ് (17) ബുധനാഴ്ച ഉച്ചക്ക് 1.45ഓടെ സ്കൂൾ കാന്റീൻ പരിസരത്ത് മർദനമേറ്റത്. മർദനമേറ്റ വിദ്യാർഥിയെ നിലത്തിട്ടും മുതിർന്ന വിദ്യാർഥികൾ ചവിട്ടി. തുടർന്ന് ഇടതു കൈയുടെ രണ്ട് എല്ലുകൾ പൊട്ടി. വിദ്യാർഥിയെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.
ഗുരുതരമായി പരിക്കേറ്റ നിഹാലിനെ സഹപാഠികളാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ മൂന്ന് പ്ലസ് ടു വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. ഫസൽ, നസൽ, നഹ്യാൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.