കൂത്തുപറമ്പ്: കോഴിക്കോട് കൊടുവള്ളി സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി ഒരുകിലോയോളം സ്വർണം തട്ടിയെടുത്ത സംഭവത്തിൽ അറസ്റ്റിലായ രണ്ട് പ്രതികളെയും റിമാൻഡ് ചെയ്തു. കൂവ്വപ്പാടിയിലെ ജംഷീർ മൻസിലിൽ ടി.വി. റംഷാദ് (26), കൂത്തുപറമ്പ് മൂര്യാട് താഴെപുരയിൽ സലാം (36) എന്നിവരെയാണ് കൂത്തുപറമ്പ് മജിസ്ട്രേറ്റിന്റെ ചുമതല വഹിക്കുന്ന മട്ടന്നൂർ മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തത്.
കഴിഞ്ഞദിവസം ഗൾഫിൽനിന്ന് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ കൊടുവള്ളി നരിക്കുനി സ്വദേശിനി ബുഷറയിൽനിന്നാണ് ക്വട്ടേഷൻ സംഘം ഒരുകിലോയോളം വരുന്ന സ്വർണം തട്ടിയെടുത്തത്. ബുഷറയുടെ മകൻ മുഹമ്മദ് മുബാറക്കിനെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ സംഘം വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സ്വർണം കൈക്കലാക്കിയതെന്നാണ് വിവരം.
പിന്നീട് ഉമ്മയെയും മകനെയും കൂത്തുപറമ്പ് നീറോളി ചാലിലെ ലോഡ്ജിൽ എത്തിച്ച് ബലമായി താമസിപ്പിച്ചു. യുവതി കൂത്തുപറമ്പിലെ ലോഡ്ജിൽ ഉണ്ടെന്ന് മനസ്സിലാക്കിയ കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് സംഘം ബുധനാഴ്ച പുലർച്ച മൂന്നോടെ നീറോളിച്ചാലിലെ ലോഡ്ജിന്റെ വാതിൽ ചവിട്ടിത്തുറന്ന് അകത്തുകടന്ന് ഉമ്മയെയും മകനെയും ആക്രമിക്കുകയും ബാഗ് ഉൾപ്പെടെ കൈക്കലാക്കുകയും ചെയ്തിരുന്നു.