കണ്ണൂർ: പണിമുടക്ക് ദിനത്തിൽ ജോലിയിൽ പ്രവേശിച്ച ജീവനക്കാരന്റെ കാൽ തല്ലിയൊടിക്കുമെന്നും പല്ല് അടിച്ചുതെറിപ്പിക്കുമെന്നും ജോയിന്റ് കൗൺസിൽ നേതാവിന്റെ ഭീഷണിയും തെറിയും. ശ്രീകണ്ഠപുരം ചെമ്പംതൊട്ടി മൃഗസംരക്ഷണ ഓഫിസിലെ പ്യൂൺ കെ.എ. ഷാജഹാനാണ് സി.പി.ഐ അനുകൂല ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗൺസിൽ ജില്ല സെക്രട്ടറി റോയി ജോസഫിന്റെ ഭീഷണി. ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഷാജഹാൻ ശ്രീകണ്ഠപുരം പൊലീസിൽ പരാതി നൽകി.
ജോയിന്റ് കൗൺസിൽ അംഗം കൂടിയായ ഷാജഹാന് ഇന്ന് രാവിലെയാണ് നേതാവിന്റെ വിളിവന്നത്. പണിമുടക്കിൽ പങ്കെടുക്കാതെ ഒപ്പിട്ടുവല്ലേ എന്നാണ് ഇദ്ദേഹം ആദ്യം ചോദിച്ചത്. ഓഫിസിൽ വന്നപ്പോൾ ഒപ്പിട്ടുപോയെന്നും പറ്റിപ്പോയെന്നും മറുപടി പറഞ്ഞതോടെ തെറിവിളിയും ഭീഷണിയുമായി. ഓഫിസിൽ കയറിവന്ന് കാൽ തല്ലിയൊടിക്കുമെന്നും നമുക്ക് കാണാമെന്നും പറഞ്ഞ് തെറിവിളിയായി.
പിതാവിനെ പറഞ്ഞുള്ള തെറി വിളിക്കാൻ താൻ ആരാണെന്നും ആ നിലക്ക് വീട്ടിലുള്ളവരെ വിളിച്ചാൽ മതിയെന്നും ഷാജഹാനും തിരിച്ചടിച്ചു. ഒരുമിനിറ്റ് ദൈർഘ്യമുള്ള സംഭാഷണം ജീവനക്കാരുടെ വാട്ട്സ്ആപ് ഗ്രൂപ്പിൽ പ്രചരിക്കുകയാണ്. പി. സന്തോഷ് കുമാർ എം.പിയുടെ പി.എയും ജോയിന്റ് കൗൺസിൽ ജില്ല സെക്രട്ടറിയുമാണ് റോയി ജോസഫ്.
അതേസമയം, പണിമുടക്ക് സംബന്ധിച്ച് വനിതാ നേതാവിനോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്യാനാണ് താൻ ഫോൺ വിളിച്ചതെന്ന് റോയി ജോസഫ് മാധ്യമത്തോട് പറഞ്ഞു.
ഫോൺ കോളിന്റെ പൂർണരൂപം:
റോയി ജോസഫ്: ‘ഹലോ നിങ്ങള് വേണുവാ?
ഷാജഹാൻ: അല്ലല്ല, ഞാൻ ഷാജഹാനാണ്.
റോയി ജോസഫ്: ഷാജഹാനാണ്. നിങ്ങൾ ഇന്ന് പണിമുടക്കിൽ പങ്കെടുക്കുന്നില്ല അല്ലേ? നിങ്ങൾ പോയി ഒപ്പിട്ടു അല്ലേ?
ഷാജഹാൻ: ഞാൻ രാവിലെ വന്ന് ഒപ്പിട്ടുപോയി.. അയച്ചുപോയി, അതാ പറ്റിപ്പോയത്… അത് കഴിഞ്ഞാ റഹ്മത്ത് വിളിക്കുന്നത്…
റോയി ജോസഫ്: ഒന്നും ഒരു കാര്യവുമില്ല… നിന്റെ കാല് തല്ലി ഒടിക്കും.. നിനക്ക് അവിടെ ഇരിക്കാൻ കഴിയും എന്ന് വിചാരിക്കണ്ട. നിനക്ക് ട്രാൻസ്ഫർ വാങ്ങിത്തന്ന് ജോലി വാങ്ങിത്തന്നിട്ട് നീ പോയിട്ട് ഒപ്പിടാനോ? അടിച്ച് നിന്റെ പല്ല് പറിക്കും *@#!#*%$ (തെറിവിളിക്കുന്നു)
ഷാജഹാൻ: അത് നിങ്ങൾ വേറെ ആരെയെങ്കിലും വിളിച്ചാൽ മതി.. നീ എന്റെ തന്തയാവണ്ട. എന്റെ കൈയും കാലും ഒടിക്കാൻ നീ ആരാ? നീ ആരെയാണ് പേടിപ്പിക്കുന്നത്?
റോയി ജോസഫ്: കണ്ടിരുന്നോ, കണ്ടിരുന്നോ..
ഷാജഹാൻ: നീ ആരെയാ പേടിപ്പിക്കുന്നത്?
റോയി ജോസഫ്: നിന്നെതന്നെ, നിന്നെ തന്നെ
ഷാജഹാൻ: തെറി നിെന്റ വീട്ടിലുള്ളവരെ വിളിച്ചാൽ മതി…
റോയി ജോസഫ്: നീ കാത്തിരുന്നോ കാത്തിരുന്നോ
ഷാജഹാൻ: നിന്നെ കൊണ്ട് കഴിയുന്നത് ആക്ക്.
റോയി ജോസഫ്: ആ.. അത് നമ്മൾ ആക്കാം….
ഷാജഹാൻ: തെറി നിന്റെ വീട്ടിലുള്ളവരെ വിളിച്ചാൽ മതി
റോയി ജോസഫ്: നിന്റെ ഓഫിസിൽ വന്ന് വിളിക്കുമെടാ….