തലശ്ശേരി: ആദ്യ ഭാര്യയെ ദേഹത്ത് പെട്രോൾ ഒഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ ടിപ്പർ ലോറി ഡ്രൈവറായ യുവാവ് പൊലീസ് പിടിയിലായി. പാട്യം കോങ്ങാറ്റയിലെ നടുവിൽപൊയിൽ എം.പി. സജുവിനെയാണ് (43) കതിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാവിലെ പാട്യത്താണ് സംഭവം. പാട്യം സ്വദേശിനിയായ ലിൻഡയാണ് (34) അതിക്രമത്തിനിരയായത്. 2011ലാണ് ഇവർ തമ്മിൽ വിവാഹിതരായത്. സ്വന്തം വീട്ടിലേക്ക് പോയ യുവതിയെ കഴിഞ്ഞ വർഷം ഇയാൾ വിവാഹ ബന്ധം വേർപെടുത്തി. തുടർന്ന് യുവതിയുടെ വീട്ടുകാർ മറ്റൊരു വിവാഹത്തിനായി തീരുമാനിക്കുകയായിരുന്നു. ഈ വിവരം അറിഞ്ഞ സജു നിരന്തരം ശല്യപ്പെടുത്തുന്നതിനെതിരെ കതിരൂർ പൊലീസിൽ പരാതി നൽകിയിരുന്നു. തിങ്കളാഴ്ച രാവിലെ മട്ടന്നൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോവുകയായിരുന്ന യുവതിയുടെ ദേഹത്ത് കാറിൽ എത്തിയ പ്രതി പെട്രോൾ ഒഴിച്ചെന്നാണ് പരാതി.
യുവതിയുടെ ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ ഒരു വീട്ടിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് സജു പൊലീസ് പിടിയിലാവുന്നത്. കതിരൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ മഹേഷ് കണ്ടമ്പേത്താണ് കേന്വേഷിക്കുന്നത്. പ്രതിയെ തലശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.�