തലശ്ശേരി: ആവശ്യക്കാർക്ക് കൈമാറാനായി പുതിയ ബസ് സ്റ്റാൻഡിലെ കച്ചവട സ്ഥാപനങ്ങൾക്കരികെ രഹസ്യമായി സൂക്ഷിച്ച കൃത്രിമ ലഹരിക്കൂട്ടുകളും നിരോധിത പുകയില ഉൽപന്നങ്ങളും ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ കണ്ടെടുത്തു.
പാൻപരാഗ്, ഹൻസ്, മാവൂ, ചാർ സൗ ബീസ് തുടങ്ങിയ പുകയില ഉൽപന്നങ്ങൾക്കൊപ്പം ഹൻസ്, പാൻപരാഗ് തുടങ്ങിയ പുകയില ഉൽപന്നങ്ങളിൽ കൊട്ടടക്കപൊടിയും ചുണ്ണാമ്പും കുഴച്ചുണ്ടാക്കിയ നാടൻ കൃത്രിമ ലഹരിക്കൂട്ടുമാണ് ഒളിയിടത്തിൽ നിന്നും കണ്ടെടുത്തത്. ഒരു ടീസ്പൂൺ അളവിൽ ഇത് നുണഞ്ഞാൽ മണിക്കൂറുകൾ ലഹരിയിലാവുന്നതിനാൽ ഇതിന് ആവശ്യക്കാർ ഏറെയാണ്.
ഉത്തരേന്ത്യൻ യുവാക്കളിൽ ചിലർ കൃത്രിമക്കൂട്ടുകൾ നിർമിക്കുന്നതിൽ വിദഗ് ദരാണ്. ഉപഭോക്താക്കളിൽ ഏറെയും ഡ്രൈവർമാരാണ്. ഇവരെ ലഹരി വിൽപനക്കാർക്കറിയാം. രഹസ്യമായി വാഹനങ്ങൾക്കരികെ എത്തിയാണ് കടലാസിൽ പൊതിഞ്ഞ ലഹരി ഉൽപന്നങ്ങൾ കൈമാറുന്നത്.
പണമിടപാടുകൾ ഭൂരിഭാഗവും ഗൂഗിൾ പേ വഴിയാണ് നടത്തുന്നത്. പുതിയ ബസ് സ്റ്റാൻഡിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായ എ.എസ്.ഐ, പി. ബിജു, സുവൻ എന്നിവരാണ് ലഹരിവസ്തുക്കൾ സൂക്ഷിച്ചതായി കണ്ടത്. ഇവർ വിവരം നൽകിയതിനെ തുടർന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ കെ.കെ. കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥർ പുകയില ഉൽപന്നങ്ങൾ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇത് സൂക്ഷിച്ചവരെ പിടികൂടാനായില്ല.