സ്വയം മറന്ന നിരവധി സ്ത്രീകൾക്ക് അവരെതന്നെ മാറ്റിയെടുക്കാനുള്ള പ്രോത്സാഹനം കൂടിയാണ് ഹുസ്ന ഫവാസ്
ജീവിതത്തിൽ ആഗ്രഹിച്ചതൊന്നും സ്വന്തമാക്കാനായില്ലെന്ന പരിഭവം ഒട്ടുമിക്ക സ്ത്രീകളിലുമുണ്ടാകും. വീടും, കുടുംബവും, കുട്ടികളും മാത്രമായി പലരുടെയും ജീവിതം ഒതുങ്ങി കൂടുമ്പോൾ ആഗ്രഹിച്ച പലതും ഒരു മൂലയിലൊതുക്കി വെക്കും. പലപ്പോഴും പിന്നീടതൊന്ന് പൊടി തട്ടിയെടുക്കാൻ പോലുമാവാതെ ജീവിതം മറ്റൊരു ദിശയിൽ സഞ്ചരിച്ചിട്ടുണ്ടാകും. എന്നാൽ ആഗ്രഹങ്ങളെപ്പോഴും നമ്മെ തിരഞ്ഞ് ഇങ്ങെത്തണമെന്നില്ല. അത് നമ്മൾ തേടി കണ്ടുപിടിക്കണം. എല്ലാ കംഫർട് സോണുകളും മറികടന്ന് മുന്നേറണം. ആഗ്രഹങ്ങൾക്ക് ചിറക് മുളപ്പിച്ച് അതിനൊപ്പം പറന്ന് ഇന്ന് സ്ത്രീകൾക്ക് തന്നെ ഒരു പ്രചോദനമായി മാറുകയാണ് ഹുസ്ന ഫവാസ് എന്ന കണ്ണൂരുകാരി. യു.എ.ഇയിൽ ബിസിനസ്, മോഡസ്റ്റ് ഫാഷൻ, ബ്ലോഗ്ഗിങ് രംഗത്ത് ശ്രദ്ധേയയാണ് ഹുസ്ന ഇന്ന്.
ബി.ടെക്ക് ബിരുദധാരിയാണ് ഹുസ്ന. ഇലക്ട്രിക്കൽ എൻജിനീയർ ആയി ജോലി ചെയ്തുകൊണ്ടിരിക്കെയാണ് കുഞ്ഞ് തന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത്. എല്ലാ സ്ത്രീകളും പ്രസവശേഷം കടന്ന് പോകുന്ന പോസ്റ്റ്പാർട്ടം ഡിപ്പ്രഷൻ എന്നൊരു ഘട്ടത്തിലൂടെ ഹുസ്നയും കടന്നുപോയി. ജീവിതത്തിൽ അർത്ഥവത്തായി എന്തെങ്കിലും ചെയ്യേണമെന്നാഗ്രഹമുള്ള ഹുസ്ന അങ്ങനെ തനിക്കേറ്റവും ഇഷ്ടപ്പെട്ട എഴുത്തിലേക്ക് തിരിഞ്ഞു. ബ്ലോഗ്ഗുകൾ എഴുതി തുടങ്ങി. പല രാജ്യങ്ങളിൽനിന്നുള്ളവർ ബ്ലോഗ്ഗുകൾക്ക് നല്ല അഭിപ്രായമറിയിച്ചു. ജീവിതത്തിൽ ചിലതൊക്കെ വീണ്ടെടുത്ത് തുടങ്ങി എന്ന് തോന്നിയ നിമിഷമായിരുന്നു ഹുസ്നക്കതൊക്കെ. അങ്ങനെ ബ്ലോഗിങ്ങ് ഒരു കരിയറായി തിരഞ്ഞെടുത്തു.
പിന്നീട് ട്രെൻഡ് മാറി ആളുകൾ സോഷ്യൽ മീഡിയയിലേക്ക് തിരിഞ്ഞു. പണ്ടു മുതലേ ഡ്രസിങ് സെൻസിന് നല്ല അഭിപ്രായങ്ങൾ ലഭിച്ചിരുന്ന ഹുസ്ന മോഡസ്റ്റ് ഫാഷൻ ഔട്ഫിറ്റുകൾ തന്റെ ഇൻസ്റ്റഗ്രാം ഫോളോവെഴ്സുമായി പങ്കുവെച്ച് തുടങ്ങി. മോഡസ്റ്റായും എന്നാൽ സ്റ്റൈലിഷായുമുള്ള ഡ്രസ്സിങ് രീതികൾ പരിചയപ്പെടുത്തിയതോടെ ആളുകൾക്ക് പ്രിയപ്പെട്ടൊരു ഇൻഫ്ലുവൻസർ കൂടിയായി മാറി ഹുസ്ന. ഈ വർഷത്തെ ഇൻഫ്ലുവൻസർ അവാർഡും പിന്നാലെ ഹുസ്നയെ തേടിയെത്തി. അതോടൊപ്പം ഫ്ളൈറ്റ് മാഗസിൻ അവാർഡിനായി നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്തു.
ഫ്ളൈറ്റ് മാഗസിൻ ടോപ് ടെൻ ഇൻഫ്ലുവൻസർമാരിൽ ഒരാളുകൂടിയായിരുന്നു ഈ മലയാളി പെൺകുട്ടി. ശരിക്കും ഹുസ്നയുടെ കോൺടെന്റ് ഫാഷൻ മാത്രമല്ല അത് തന്നെപ്പോലെ സ്വയം മറന്ന നിരവധി സ്ത്രീകൾക്ക് അവരെതന്നെ മാറ്റിയെടുക്കാനുള്ള പ്രോത്സാഹനം കൂടിയാണ്. സ്വയം ഉപയോഗിക്കുന്ന, തനിക്ക് വിശ്വാസമുള്ളത് മാത്രമാണ് ഹുസ്ന സോഷ്യൽ മീഡിയ വഴി പ്രൊമോട്ട് ചെയ്യാറുള്ളത്.
സ്വയം ഡെവലപ്പ് ആവണം എന്ന് ഒരു സ്ത്രീ ആഗ്രഹിക്കുമ്പോൾ അത് വെറും സ്വാർത്ഥതയായാണ് പലരും കാണുന്നത്. എന്നാലതങ്ങനെയല്ലെന്നും അത് അവളുടെ വിജയത്തിലേക്കുള്ള ആദ്യത്തെ ചവിട്ടുപടിയാണെന്നും ഹുസ്ന പറയുന്നു. ചെറുപ്പം മുതൽ തന്റെ വണ്ണത്തിന്റെ പേരിൽ ഒരുപാട് ബോഡി ഷെയിമിങ് നേരിട്ടിട്ടുള്ള ഹുസ്നക്ക് തന്റെ ജീവിതത്തിലെ സ്വപ്നസാക്ഷാത്കാരം പോലെയായിരുന്നു ഒരു റാമ്പ് വാക്ക് ചെയ്യുകയെന്നത്. ബോഡി ഷെയിമിങ് പലപ്പോഴും ഒരാളുടെ സെൽഫ്കോൺഫിഡൻസ് കൂടിയാണ് ഇല്ലാതാക്കുന്നത്.
ഇന്ന്, ഹുസ്ന ഫവാസ് ഒരു ഫാഷൻ ഇൻഫ്ലുവൻസർ മാത്രമല്ല, പല സ്ത്രീകൾക്കും പ്രതീക്ഷയും പ്രചോദനവുമാണ്. തനിക്കൊന്നിനുമാവില്ലെന്ന് സ്വയം വിശ്വസിച്ച് ആഗ്രഹങ്ങൾക്ക് വിലങ്ങിട്ട് ജീവിക്കുന്ന സ്ത്രീകൾക്ക്, കുടുംബത്തിന് വേണ്ടി ജീവിതമുഴിഞ്ഞിട്ട് ആഗ്രഹം ഉപേക്ഷിച്ചവർക്ക്. ഡിപ്പ്രഷനടിച്ചിരിക്കുന്ന സ്ത്രീകൾക്ക് തന്നെകൊണ്ടാവും വിധം പ്രചോദനം നൽകുക കൂടിയാണ് ഹുസ്ന ഫവാസ്.