മാഹി: പുതുച്ചേരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് മെട്രിക് ടെക്നിക്കൽ എജുക്കേഷന്റെ മേൽനോട്ടത്തിൽ ഈസ്റ്റ് പള്ളൂരിൽ ആരംഭിച്ച് മാഹി ചാലക്കര പോന്തയാട്ട് കുന്നിലെ സ്വന്തം കെട്ടിടത്തിലേക്ക് മാറിയ ഇന്ദിര ഗാന്ധി പോളിടെക്നിക് കോളജ് കെട്ടിടം കാടു മുടുന്നു. കോളജിന്റെ പ്രധാന കെട്ടിടത്തോട് ചേർന്ന് പണിത ഫാക്ടറി കെട്ടിടത്തിനാണ് ഈ ദുർഗതി. കാട്ടുപുല്ലും വള്ളിപ്പടർപ്പും വാഴയുമടക്കം കെട്ടിടത്തെ മൂടി വളരുകയാണ്.
നാല് ഡിപ്ലോമ കോഴ്സുകളിലായി 102 വിദ്യാർഥികൾ ഓരോ വർഷവും പ്രവേശനം നേടുന്ന ഇവിടെ കാടുമൂടിക്കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ താവളമായി മാറുമെന്നാണ് ആശങ്ക. 2000 ൽ ആരംഭിച്ച് 2012 വരെ ഈസ്റ്റ് പള്ളൂരിൽ രാജീവ് ഗാന്ധി ഐ.ടി.ഐ കാമ്പസിലായിരുന്നു പോളിടെക്നിക് കോളജ് പ്രവർത്തിച്ചിരുന്നത്. ഈ അടുത്ത കാലത്ത് പണി കഴിഞ്ഞതാണ് വർക്ക് ഷോപ്പായി ഉപയോഗിക്കുന്ന കാടുമൂടിക്കിടക്കുന്ന ഈ കെട്ടിടം.
കോളജിലെ എൻഎസ്.എസ് യൂനിറ്റിലെ വളന്റിയർമാരെ ഉപയോഗിച്ച് സന്നദ്ധ പ്രവർത്തനത്തിലൂടെ കാമ്പസ് വൃത്തിയാക്കാൻ കഴിയുമെന്നിരിക്കെ 300 ഓളം വിദ്യാർഥികൾ പഠിക്കുന്ന പോളിടെക്നിക് കോളജ് കെട്ടിടത്തെക്കാളുമുയരത്തിൽ കാടുകൾ വളർന്നിട്ടും അധികൃതർ അറിയാത്തതും വൃത്തിയാക്കാത്തതും രക്ഷിതാക്കളും വഴിയാത്രക്കാരും കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്.