ചക്കരക്കല്ല് (കണ്ണൂർ): ‘മതിലിടിയുന്നത് വിഡിയോയിലെല്ലാം കണ്ടിട്ടുണ്ട്.. അതുകൊണ്ട് ഒച്ചകേട്ടപ്പോഴേ ഓടി മാറി. റോഡിൽ വണ്ടിയൊന്നും ഉണ്ടായിരുന്നില്ല’- കൺമുന്നിൽ ആറടി ഉയരമുള്ള മതിലിടിഞ്ഞുവീണതിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട കാര്യം വിവരിക്കുമ്പോൾ 13കാരി ആയിഷയുടെ കണ്ണിലെ അമ്പരപ്പ് മാറിയിട്ടില്ല. പൊടുന്നനെ റോഡിന്റെ എതിർവശത്തേക്ക് ചാടി മാറിയതിനാലാണ് വൻ ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്.
തട്ടാരി ബി.ഇ.എം.യുപി സ്കൂളിന് സമീപം നഫീസ മൻസിലിൽ ആയിഷ (13) രാവിലെ മദ്റസ വിട്ട് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് ദേഹത്തേക്ക് വീഴാനിരുന്ന മതിലിനിടയിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 8.15ഓടെയാണ് സംഭവം. അഞ്ചരക്കണ്ടി ജുമാമസ്ജിദിന് മുൻവശത്തെ ആറ് അടിയോളം വരുന്ന മതിലാണ് റോഡിലേക്ക് ഇടിഞ്ഞത്.
തട്ടാരി നുസ്റത്തുൽ ഇസ്‍ലാം മദ്റസയിൽനിന്ന് വരികയായിരുന്നു കുട്ടി. മതിലിനോട് ചേർന്നാണ് നടന്നുപോകുന്നത്. മുന്നിലായി രണ്ടു കുട്ടികൾ കടന്നുപോയ ശേഷമാണ് മതിലിടിഞ്ഞത്. ചെറിയൊരു ശബ്ദമോ മറ്റോ തോന്നിയപ്പോൾ കൈയിലുള്ള കുടയെടുത്ത് വലതുഭാഗത്തേക്ക് എടുത്തു ചാടി. ആ സമയത്ത് വാഹനങ്ങൾ റോഡിൽ ഇല്ലാത്തതും രക്ഷയായി. അഞ്ചരക്കണ്ടി -ചക്കരക്കല്ല് റൂട്ടിലെ പ്രധാന റോഡിലാണ് മതിൽ വീണത്. സമീപത്തെ സി.സി.ടി.വി ദൃശ്യത്തിലൂടെയാണ് മതിലിടിഞ്ഞപ്പോൾ ആയിഷ അത്ഭുതകരമായി രക്ഷപ്പെട്ടത് നാടറിഞ്ഞത്.
തട്ടാരി മഹല്ല് ജമാഅത്ത് കമ്മിറ്റി സെക്രട്ടറി വി.പി. സക്കരിയയുടെ നേതൃത്വത്തിലുള്ള ഭാരവാഹികൾ എത്തി മതിലിന്റെ ബാക്കി ഭാഗം പൊളിച്ചുകളഞ്ഞ് റോഡിലുള്ള കല്ലും മണ്ണും മാറ്റി. കല്ലിനോട് ചേർന്നുള്ള ഭീമൻ കോൺക്രീറ്റ് ഭിത്തിയടക്കമാണ് റോഡിലേക്ക് പതിച്ചത്. അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്കൂളിലെ എട്ടാംതരം വിദ്യാർഥിയാണ് ആയിഷ.