പാപ്പിനിശ്ശേരി: ആറു വർഷം മുമ്പ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ പാപ്പിനിശ്ശേരി-പിലാത്തറ കെ.എസ്.ടി.പി റോഡ് കൂരിരുട്ടിലായിട് ആറാം വർഷത്തിലേക്ക് കടക്കുന്നു. രണ്ട് മേൽപാലം ഒഴികെ 21 കിലോമീറ്റർ റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തിരുന്നു. അതിനുശേഷം കോടികൾ മുടക്കി ചില്ലറ പ്രവൃത്തികൾ നടത്തിയെങ്കിലും റോഡിന്റെ സ്ഥിതി പഴയതുപോലെ തന്നെ. പാപ്പിനിശ്ശേരി മുതൽ താവം വരെയുമുള്ള റോഡിന്റെ സ്ഥിതി പരിതാപകരമാണ്. മിക്ക സ്ഥലങ്ങളിലും റോഡ് പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. പല ചെറുവാഹനങ്ങളും ഇരുചക്ര വാഹനങ്ങളും കുഴിയിൽ വീഴുന്നത് പതിവാണ്. മഴ കനത്തതോടെ മിക്ക കുഴികളും വിസ്താരം കൂടിവരുന്നുമുണ്ട്.
കെ.എസ്.ടി.പി നടത്തിയ നിർമാണത്തിൽ അപാകം കണ്ടെത്തിയെങ്കിലും വീണ്ടും റോഡ് നവീകരിക്കാൻ കോടികൾ മുടക്കി കെ.എസ്.ടി.പിയെ തന്നെ ചുമതലപ്പെടുത്താനുള്ള അണിയറ തീരുമാനങ്ങൾ നടക്കുന്നതായി അറിയുന്നു. പാലവും ഇതേ കാലഘട്ടത്തിൽ തന്നെ വൈദ്യുതീകരിച്ചെങ്കിലും ഇപ്പോഴും കൂരിരുട്ടിലാണ്. ഒരു പ്രത്യേക ഏജൻസിക്ക് കരാർ നൽകിയാണ് പാപ്പിനിശ്ശേരി-പിലാത്തറ കെ.എസ്.ടി.പി.റോഡിലെ 21 കി.മീ. ദൈർഘ്യമുള്ള റോഡിൽ സൗര 213 വിളക്കുകൾ സ്ഥാപിച്ചത്.
ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളിൽതന്നെ പകുതിയിലധികം വിളക്കുകളും അണഞ്ഞു. ബാക്കിവന്നവ ഘട്ടംഘട്ടമായി അണയാൻ തുടങ്ങി. രണ്ട് വർഷം മുമ്പുവരെ ഏഴ് വിളക്കുകളെങ്കിലും വിവിധ സ്ഥലങ്ങളിൽ പ്രകാശിച്ചിരുന്നു. ഇതിൽ 27 എണ്ണവും പാപ്പിനിശ്ശേരി മേൽപാലത്തിൽ മാത്രമാണ്. അവ പ്രകാശിച്ചത് ഏതാനും മാസങ്ങൾ മാത്രവും.