Fri. Nov 1st, 2024

കണ്ണൂരിൽ മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം: കാരക്കുണ്ട് വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം നിരോധിച്ചു

കണ്ണൂരിൽ മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം: കാരക്കുണ്ട് വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം നിരോധിച്ചു

കണ്ണൂർ: കടന്നപ്പള്ളി പാണപുഴ പഞ്ചായത്തിലെ കാരക്കുണ്ട് വെള്ളച്ചാട്ടത്തിൽ കുളിച്ച മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചതിനെ തുടർന്ന് ഇവിടേക്കുള്ള പ്രവേശനം വിലക്കി. ജില്ലാ മെഡിക്കൽ ഓഫിസർ (ഡി.എം.ഒ) ഡോ. പിയൂഷ് നമ്പൂതിരിപ്പാടിന്റെ നിർദേശപ്രകാരം പഞ്ചായത്ത് അധികൃതരാണ് പ്രവേശനം നിരോധിച്ചത്. കഴിഞ്ഞ ഞായറാഴ്ച ഇവിടെ കുളിച്ച കുട്ടിക്ക് ഇന്നലെയാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. ഈ ദിവസം ഇവിടെ കുളിച്ചവർക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ കാണാൻ നിർദേശം നൽകിയിട്ടുണ്ട്.

ആദ്യം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കണ്ണൂർ അഡി. ഡി.എം.ഒ ഡോ. കെ.സി. സച്ചിന്റെ നേതൃത്വത്തിലുള്ള സംഘം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

കാരക്കുണ്ട് വെള്ളച്ചാട്ടത്തിൽനിന്ന് തന്നെയാണോ കുട്ടിക്ക് അസുഖം ബാധിച്ചത് എന്നറിയാൻ വെള്ളച്ചാട്ടത്തിലെയും വീട്ടിലെയും വെള്ളത്തിന്റെ സാമ്പ്ൾ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. സാമ്പിൾ പൂനെയി​ലെ ലാബിലേക്കും അയച്ചിട്ടുണ്ട്. വിശദ പരിശോധന റിസൾട്ട് വരുന്നതു വരെ താൽകാലികമായാണ് വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം നിർത്തി വെച്ചത്.

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കാണപ്പെടുന്ന ബ്രെയിൻ ഈറ്റർ എന്ന അമീബ മൂക്കിലെ നേർത്ത സ്തരത്തിലൂടെയാണ് പ്രധാനമായ ശരീരത്തിൽ കയറുന്നത്. മൂന്നു മുതൽ 14 ദിവസത്തിനുള്ളിൽ ഈ രോഗത്തിന്റെ ലക്ഷണങ്ങൾ കാണിക്കും. സാധാരണഗതിയിൽ ഒഴുകുന്ന വെള്ളത്തിൽ ഇത് അപൂർവമായാണ് കാണപ്പെടുന്നത്. കെട്ടിക്കിടക്കുന്ന ഏത് വെള്ളത്തിലും നീന്തൽ കുളങ്ങളിലും കായലുകളിലും അമീബ കാണപ്പെടാൻ സാധ്യത കൂടുതലാണ്.

മ​ഴക്കാലത്ത് ധാരാളം സഞ്ചാരികൾ എത്തുന്ന പ്രദേശമാണ് കാരക്കുണ്ട് വെള്ളച്ചാട്ടം. റീൽസ് എടുക്കാനും കല്യാണ ഷൂട്ടിനും കുടുംബ സമേതവും ധാരാളം പേർ എത്താറുണ്ട്. കണ്ണൂരിൽനിന്ന് 32 കിലോമീറ്ററും പയ്യന്നൂരിൽ നിന്ന് 20ഉം തളിപ്പറമ്പിൽ നിന്ന് 13 കിലോമീറ്ററും ദൂരമാണ് ഇവിടേക്കുള്ളത്.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!