പയ്യന്നൂർ: കൃഷിവകുപ്പിൽനിന്ന് വിരമിച്ച ശേഷവും മണ്ണിൽ ചവിട്ടി നടന്ന ജനകീയനായ കാർഷിക വിദഗ്ധനായിരുന്നു ഞായറാഴ്ച വിടവാങ്ങിയ കരിവെള്ളൂരിലെ കാന ഗോവിന്ദൻ. കൃഷി അസിസ്റ്റന്റ് എന്ന നിലയിൽ ജോലി ചെയ്യുമ്പോൾ കൃഷിയിടങ്ങൾ സന്ദർശിക്കാനും മാതൃകാപരമായി പ്രവർത്തിക്കാനും കർഷകരെ ചേർത്തുനിർത്താനും അദ്ദേഹം ശ്രദ്ധിച്ചു. കൃഷിവകുപ്പിൽനിന്ന് വാങ്ങിയ ഗുഡ് സർവിസ് പദവി അന്വർഥമാക്കിയ വ്യക്തിത്വം. വിരമിച്ച ശേഷവും കർഷകരെ സഹായിക്കുന്നതിലാണ് അദ്ദേഹം ആഹ്ലാദം കണ്ടെത്തിയത്. ശാസ്ത്രീയ കൃഷി, സംയോജിത കൃഷി, കാർഷിക സ്വയംപര്യാപ്തത എന്നിവയെപ്പറ്റി നിരന്തരമായി ബോധവത്കരണവും അതിനായി പ്രായോഗിക പ്രവർത്തനവും നടത്തിയ പൊതുപ്രവർത്തകനെന്ന നിലയിൽ കർഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ കാർഷിക വിദഗ്ധനായിരുന്നു അദ്ദേഹം.
നാട്ടിൽ ചെയ്തുവരുന്ന ഓരോ കൃഷിയും എങ്ങനെ ചെയ്യണമെന്ന് നവമാധ്യമങ്ങളിലൂടെ അദ്ദേഹം എഴുതുമായിരുന്നു. ഇത് ഒന്നാന്തരം ക്ലാസായി മാറി. രോഗശയ്യയിൽ പോലും കൃഷിയെപ്പറ്റി എഴുതുകയും കർഷകരുടെ സംശയനിവാരണം നടത്തുകയും ചെയ്തു. കൃഷിയോട് അടങ്ങാത്ത പ്രണയമായിരുന്നു അദ്ദേഹത്തിന്. 14 വർഷം കരിവെള്ളൂർ സർവിസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള ഫാർമേഴ്സ് ക്ലബിന്റെ നേതൃത്വത്തിൽ കാർഷിക രംഗത്ത് വൈവിധ്യപൂർണമായ സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
പൊതുരംഗത്ത് സജീവമാകുന്നതിന് വ്യക്തിപരമായ താൽപര്യങ്ങൾ ഉപേക്ഷിച്ചു. തേടിവന്ന പദവികൾ തട്ടിമാറ്റി. മികച്ച സംഘാടകൻ എന്ന നിലയിൽ ഏറ്റെടുത്ത മേഖലകളിലെല്ലാം സ്വന്തം പേര് അടയാളപ്പെടുത്തി. അതുകൊണ്ടുതന്നെ ഗോവിന്ദന്റെ വിടവ് നാടിന് നികത്താനാകാത്തതാണ്.