പനമരം (വയനാട്): യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് എടയന്നൂരിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ആകാശ് തില്ലങ്കേരി പനമരം നഗരത്തിലൂടെ റോഡുനിയമങ്ങൾ ലംഘിച്ച് ജീപ്പ് ഓടിച്ചു. നമ്പർ പ്ലേറ്റില്ലാത്ത ജീപ്പിൽ സീറ്റ് ബെൽറ്റിടാതെയായിരുന്നു യാത്ര. മറ്റു രണ്ടുപേരും വാഹനത്തിലുണ്ടായിരുന്നു. എന്നാൽ, ഇതുവരെ ആർ.ടി.ഒയോ പൊലീസോ നടപടി സ്വീകരിച്ചിട്ടില്ല.
സാധാരണ ടയറുകൾക്ക് പകരം ഭീമൻ ടയറുകൾ ഘടിപ്പിച്ച ജീപ്പുമായി ഞായറാഴ്ചയാണ് ആകാശും കൂട്ടാളികളും നഗരത്തിലിറങ്ങിയത്. ഇതിന്റെ വീഡിയോകൾ എഡിറ്റ് ചെയ്ത് മ്യൂസിക്കും ഡയലോഗുമടക്കം ചേർത്ത് സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു.
തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വയനാട് ആർ.ടി.ഒക്ക് പരാതി നൽകി. എവിടെയാണ് സംഭവം നടന്നതെന്ന് അറിയാൻ സി.സി.ടി.വികൾ പരിശോധിക്കുകയാണെന്ന് വാഹനവകുപ്പ് അറിയിച്ചു. പനമരം ടൗണിലൂടെയും അപ്രോച്ച് പാലത്തിലൂടെയും വെള്ള ഷർട്ടുമണിഞ്ഞാണ് ജീപ്പിൽ സഞ്ചരിക്കുന്നത്. പനമരം കോഫി ഹൗസിന് മുന്നിൽ നിന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകന്റെ കൂടെ ഫോട്ടോ എടുക്കുകയും ചെയ്തിട്ടുണ്ട്.