പാനൂർ: കിടഞ്ഞിയിൽ കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന വിദ്യാർഥികൾക്ക് രക്ഷകരായ രണ്ട് ഹൈസ്കൂൾ വിദ്യാർഥികൾക്ക് നാടിന്റെ ആദരം.
കിടഞ്ഞിയിലെ ചീരോത്ത് ഹനീഫയുടെ മകൻ അഹ്നഫിനെയും കൂവ്വയിൽ സമീറിന്റെ മകൻ മുഹമ്മദ് സയാനെയുമാണ് കരിയാട് നമ്പ്യാർസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായ കിടഞ്ഞിയിലെ ചെറുവണ്ടിയിൽ ഹരീഷിന്റെ മകൻ ഹൃദുനന്ദും പന്തക്കൽ താഴെ കുനിയിൽ മഹിജയുടെ മകൻ ശ്രീഹരിയും ചേർന്ന് അസാമാന്യ ധൈര്യത്തിൽ രക്ഷിച്ചത്.
എൻ.എ.എം ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി അഹ്നഫും കിടഞ്ഞി യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി സയാനും കഴിഞ്ഞ ഞായറാഴ്ച അവധി ദിനത്തിൽ കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു. സയാനായിരുന്നു ആദ്യം മുങ്ങിയത്. സയാനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് അഹ്നഫ് മുങ്ങിയത്. ഇതോടെ ഒപ്പമുണ്ടായിരുന്ന സഹപാഠി നിലവിളിച്ചു.
കുളത്തിന്റെ പരിസരത്തു കളിച്ചുകൊണ്ടിരുന്ന ഹൃദുനന്ദും ശ്രീഹരിയും ശബ്ദം കേട്ട് ഓടിയെത്തി കുളത്തിൽ എടുത്തുചാടി മുങ്ങിത്താഴുകയായിരുന്ന അഹ്നഫിനെയും സയാനെയും കരക്കെത്തിക്കുകയായിരുന്നു. തങ്ങൾ ചെയ്ത ധീരപ്രവൃത്തിയെ കുറിച്ച് ആരോടും പറഞ്ഞില്ലെങ്കിലും ഇന്ന് നാട്ടിലെ ഹീറോകളാണിവർ. ഇവരുടെ അസാമാന്യ ധീരതക്ക് നാടിന്റെ പല ഭാഗത്തുനിന്നും അഭിനന്ദന പ്രവാഹമാണ്. കിടഞ്ഞി മഹല്ല് കമ്മിറ്റി ഉന്നത വിജയികളെ അനുമോദിക്കുന്ന ചടങ്ങിൽ ഹൃദുനന്ദിനെയും ശ്രീഹരിയെയും അനുമോദിച്ചു. സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടർ കെ. സൈനുൽ ആബിദീൻ ഇരുവർക്കും കാഷ് അവാർഡ് നൽകി. കൂടാതെ പ്രായപൂർത്തിയായാൽ ഒരു വിനോദയാത്രയും വാഗ്ദാനം ചെയ്തു.