Fri. Nov 1st, 2024

വീടിനു മുന്നിൽ അപരിചിതർ കറങ്ങുന്നുവെന്ന് ​സ്​പെഷൽ ബ്രാഞ്ച്; ആകാശ് തില്ല​ങ്കേരിക്കെതിരെ പരാതി നൽകിയ ഫർസിൻ മജീദിന് സുരക്ഷ

വീടിനു മുന്നിൽ അപരിചിതർ കറങ്ങുന്നുവെന്ന് ​സ്​പെഷൽ ബ്രാഞ്ച്; ആകാശ് തില്ല​ങ്കേരിക്കെതിരെ പരാതി നൽകിയ ഫർസിൻ മജീദിന് സുരക്ഷ

കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ആകാശ് തില്ല​ങ്കേരി ഗതാഗത നിയമം ലംഘിച്ചതിനെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് നേതാവിന് പൊലീസ് സുരക്ഷ. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല വൈസ് പ്രസിഡന്റ് ഫർസീൻ മജീദിനാണ് പൊലീസ് പ്രത്യേക നിരീക്ഷണമൊരുക്കിയത്.

അപായപ്പെടുത്താൻ നീക്കമുണ്ടെന്ന ​സ്​പെഷൽ ബ്രാഞ്ച് റിപ്പോർട്ടിനെതുടർന്ന് ഇയാളുടെ വീടിനു മുന്നിൽ പ്രത്യേക നിരീക്ഷണം നടത്താൻ മട്ടന്നൂർ പൊലീസിനാണ് നിർദേശം നൽകിയത്. വീടിനു മുന്നിൽ രണ്ടുമൂന്ന് ദിവസമായി അപരിചിതരായ ചിലർ കറങ്ങിനടക്കുന്നുവെന്നും അജ്ഞാതർ വാഹനങ്ങളിൽ എത്തുന്നുവെന്നുമാണ് രഹസ്യാന്വേഷണ റിപ്പോർട്ട്. നിരീക്ഷണത്തിന്റെ ഭാഗമായി ഫർസിന്റെ മട്ടന്നൂർ വെള്ളിയാംപറമ്പിലെ വീട്ടിൽ പൊലീസ് രജിസ്റ്റർ ബുക്ക് വെച്ചിട്ടുണ്ട്. നിരീക്ഷണം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർ അക്കാര്യം രേഖപ്പെടുത്തുന്നതിനാണ് രജിസ്റ്റർ വെച്ചത്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആകാശ് തില്ലങ്കേരി വയനാട് പനമരത്ത് നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ സവാരി നടത്തിയതിനെതിരെ വയനാട് ആർ.ടി.ഒക്കാണ് ഫർസിൻ മജീദ് പരാതി നൽകിയിരുന്നത്. ലൈസൻസില്ലാതെയാണ് ആകാശിന്റെ ഡ്രൈവിങ് എന്ന് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് സംഘവും കണ്ടെത്തിയിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ പരാതിക്കാരനെ ചിലർ ലക്ഷ്യംവെക്കുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ.

കൊല്ലപ്പെട്ട എടയന്നൂരിലെ ഷുഹൈബിന്റെ അടുത്ത സുഹൃത്തുകൂടിയാണ് ഫർസിൻ. എന്നാൽ, ഇത്തരം അപായ നീക്കമൊന്നും ശ്രദ്ധയിൽപെട്ടില്ലെന്നും ഇക്കാര്യം ആർക്കും പരാതി നൽകിയിട്ടില്ലെന്നും ഫർസിൻ മജീദ് പറഞ്ഞു.

അതിനിടെ, ആകാശ് ഓടിച്ച ജീപ്പ് പനമരം പൊലീസ് പിടികൂടി. വാഹനം ഓടിക്കാൻ കഴിയാത്ത രൂപത്തിലാണ് ഉള്ളതെന്നും കെട്ടിവലിച്ചാണ് കൊണ്ടുവന്നതെന്നും സി.ഐ സുജിത്ത് ‘മാധ്യമ’ത്തോട് പറഞ്ഞു. മലപ്പുറം മൊറയൂർ എടപ്പറമ്പ് കുടുംബിക്കൽ ആക്കപ്പറമ്പിൽ സുലൈമാ​ന്റെ ഉടമസ്ഥതയിലുള്ളതാണ് ആകാശ് ഓടിച്ച KL 10 BB 3724 എന്ന ചുവന്ന മഹീന്ദ്ര ഥാർ ജീപ്പ്. നാലുടയറുകളും മാറ്റി വീതിയുള്ള ഭീമൻ ടയറുകൾ ഘടിപ്പിച്ച രൂപത്തിലുള്ള ജീപ്പിന്റെ റൂഫ് ഇളക്കി മാറ്റി തുറന്ന നിലയിലായിരുന്നു. നമ്പർ ​പ്ലേറ്റ് ഉണ്ടായിരുന്നില്ല. ആകാശും മുൻസീറ്റിലിരുന്നയാളും സീറ്റ് ​ബെൽറ്റ് ധരിച്ചിരുന്നില്ല. പുകപരിശോധന സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞിട്ടുമുണ്ട്. 2021, 23 വ‍ർഷങ്ങളിൽ വിവിധ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ കുടിശികയുമുണ്ട്. സ്വമേധയാ കേസെടുത്ത ഹൈക്കോടതി വാഹനം പിടിച്ചെടുക്കണമെന്ന് ഉത്തരവിട്ടിരുന്നു.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!