മാഹി: പള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സെന്റിറിന് പുതിയ കെട്ടിടം പണിയുന്നതിനായുള്ള നടപടികൾ തുടങ്ങി. പുതുച്ചേരിയിൽനിന്ന് ആർക്കിടെക് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥ സംഘം പള്ളൂരിൽ എത്തി നിർദിഷ്ട സ്ഥലം സന്ദർശിച്ചു. തുടർന്ന് പുതുച്ചേരി ആർക്കിടെക്ക് മേധാവി മയിൽ, അസിസ്റ്റന്റ് ആർക്കിടെക്ക് ലിസി ജാനറ്റ് എന്നിവർ മാഹി ആരോഗ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഡോ. എ.പി. ഇസ്ഹാഖ്, പള്ളൂർ ആശുപത്രി മേധാവി ഡോ. സി.എച്ച്. രാജീവൻ, മാഹി പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർ അനിൽ കുമാർ, എം. രാമദാസ്, പള്ളൂർ ആശുപത്രിയിലെ ഉദ്യോഗസ്ഥൻ പി.പി. രാജേഷ് എന്നിവരുമായി ചർച്ച നടത്തി. നാലുനിലയിൽ നിർമിക്കുന്ന അത്യാധുനിക സൗകര്യങ്ങളോടു കുടിയ കെട്ടിടത്തിന്റെ രൂപരേഖ ഉടൻ തയാറാക്കി സർക്കാറിന് അംഗീകാരത്തിനായി സമർപ്പിക്കുമെന്ന് ഉന്നത ഉദ്യോഗന്ഥ മയിൽ പറഞ്ഞു. നേരത്തെ പള്ളൂർ ആശുപത്രി സന്ദർശിച്ച പുതുച്ചേരി ലഫ്. ഗവർണർ കെ. കൈലാസനാഥൻ കെട്ടിടം എത്രയും പെട്ടന്ന് നിർമിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് അറിയിച്ചിരുന്നു.
രണ്ട് ഘട്ടങ്ങളിലായി നിർമിക്കുന്ന കെട്ടിടത്തിന്റെ ഒന്നാംഘട്ടത്തിനായി ഈ വർഷം തന്നെ ആവശ്യമായ തുക അനുവദിക്കാമെന്ന് നേരത്തെ സന്ദർശനം നടത്തിയ ആരോഗ്യ വകുപ്പ് സെക്രട്ടറി എം. രാജു അറിയിച്ചിരുന്നു. ഇന്ത്യയിലെ തന്നെ പ്രധാനമന്ത്രി ആയുഷ്മാൻ ആരോഗ്യ പദ്ധതിയിൽ ഏറ്റവും കൂടുതൽ ചികിത്സ നൽകുന്നതും സാമ്പത്തികമായി മുന്നിട്ടു നിൽക്കുന്ന ആശുപത്രി കൂടിയാണ് പള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സെന്റർ.