പാനൂർ: നഗരസഭ 39-ാം വാർഡ് മേലെ പൂക്കോം പന്ന്യന്നൂർ ചന്ദ്രൻ സ്മാരക വായനശാലക്കു സമീപം വനിതാ ഹോട്ടലിന് തീപിടിച്ചു. തെക്കയിൽ പുരുഷോത്തമൻ നടത്തുന്ന വനിതാ ഹോട്ടലിലെ ഗ്യാസ് സിലിണ്ടറിനാണ് തീപിടിച്ചത്. പാചകം ചെയ്തുകൊണ്ടിരുന്ന ഗ്യാസ് ചോർന്ന് സിലിണ്ടറിന് തീ പിടിച്ചു. തുടർന്ന് കടക്ക് തീപിടിക്കുകയായിരുന്നു. അടുക്കള മുഴുവൻ കത്തി നശിച്ചു.
പാത്രങ്ങൾ, മരങ്ങൾ, ഓട്, ഇഷ്ടിക എന്നിവയും കത്തി നശിച്ചു. നെറ്റിയിൽ പരിക്കേറ്റ പുരുഷോത്തമനെ (72) പാനൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുരുഷോത്തമനും ഭാര്യ രാധയും ചേർന്നാണ് ഹോട്ടൽ നടത്തുന്നത്. രണ്ടു ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നു. പാനൂർ അഗ്നിശമനസേന ഉടൻ സ്ഥലത്തെത്തി തീയണച്ചു. സേന രണ്ടു ഗ്യാസ് സിലിണ്ടറുകൾ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. ഇതിൽ ഒരു സിലിണ്ടർ ചൂടുകാരണം പൊട്ടിയിരുന്നു. തൊട്ടടുത്ത സുസുക്കി ടൂവീലർ വാഹന ഷോറൂമിലേക്ക് തീപടരാതെ നോക്കാൻ സേനക്ക് സാധിച്ചു. ഓട്, ഇഷ്ടിക എന്നിവ പൊട്ടിത്തെറിച്ചിരുന്നു. അഗ്നിശമന സേനയോടൊപ്പം പാനൂർ പൊലീസും സ്ഥലത്തെത്തി തീയണക്കാൻ ശ്രമിച്ചു.
അസി. സ്റ്റേഷൻ ഓഫിസർ എ. അനിൽ കുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസി. ഒാഫിസർ ദിവുകുമാർ, ഫയർ റെസ്ക്യൂ ഓഫിസർമാരായ ഇ.കെ. സെൽവരാജ്, ജിജിത് കൃഷ്ണ കുമാർ, സുഭാഷ്, നിജീഷ്, വിപിൻ, ജിബ്സൺ ജോസഫ് എന്നിവർ നേതൃത്വം നൽകി.