Wed. Jan 15th, 2025

‘ചെയ്തത് ശരിയാണോ എന്നറിയില്ല, മതം എന്ത് പറയുന്നു എന്നൊന്നും നോക്കിയില്ല, ജീവിതത്തിൽ ആദ്യമായി ചിതക്ക് തീകൊളുത്തി’; ഹൃദയം തൊടുന്ന കുറിപ്പുമായി ഷാഹുൽ ഹമീദ്

'ചെയ്തത് ശരിയാണോ എന്നറിയില്ല, മതം എന്ത് പറയുന്നു എന്നൊന്നും  നോക്കിയില്ല, ജീവിതത്തിൽ ആദ്യമായി ചിതക്ക് തീകൊളുത്തി'; ഹൃദയം തൊടുന്ന കുറിപ്പുമായി ഷാഹുൽ ഹമീദ്

ഡോ. ഷാഹുൽ ഹമീദ് ഹാർമോണിസ്റ്റ് വി.ശ്രീധരന്റെ ചിതക്ക് തീകൊളുത്തുന്നു

പയ്യന്നൂർ: ഹാർമോണിയത്തിന്റെ സംഗീതം മധുരമാണ്. എന്നാൽ ഹാർമോണിസ്റ്റ് വി.ശ്രീധരൻ എന്ന കലാകാരൻ്റെ ജീവിതം ഒട്ടും മധുരം നിറഞ്ഞതായിരുന്നില്ല. മരിച്ചപ്പോൾ പോലും സ്വന്തക്കാർ ആരും തിരിഞ്ഞു നോക്കിയില്ല. ഒടുവിൽ ഏഴു വർഷമായി ഭക്ഷണവും താമസ സൗകര്യവും നൽകിയ സമൂഹിക പ്രവർത്തകൻ ഡോ. ഷാഹുൽ ഹമീദ് ചിതക്ക് തീ കൊളുത്തിയപ്പോൾ മലയാളിയുടെ കെടാത്ത മാനവികതയുടെയും സഹജീവി സ്നേഹത്തിന്റെയും കനലാണ് ആളിക്കത്തിയത്. അത് ഡോ. ഷാഹുൽ ഹമീദ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചപ്പോൾ കുറിപ്പിന് ലഭിച്ച സ്വീകാര്യത മലയാളിയുടെ ചേർത്തു പിടിക്കലിന്റെ ഏറ്റവും പുതിയ മറ്റൊരു അടയാളപ്പെടുത്തലായി മാറി.

‘ചെയ്തത് ശരിയാണോ എന്നറിയില്ല, മതം എന്ത് പറയുന്നു എന്നൊന്നും ഞാൻ നോക്കിയില്ല ആറേഴ് വർഷമായി എന്നെ സ്നേഹിച്ചു കൂടെ ഉണ്ടായിരുന്ന ഒരു മനുഷ്യനെ അനാഥനായി പറഞ്ഞയക്കാൻ കഴിയില്ലായിരുന്നു. ജീവിതത്തിൽ ആദ്യമായി കൈയിൽ ചിതക്കു തീ കൊളുത്താനുള്ള തീയുമായി ഞാൻ മുന്നോട്ട് നടന്നു. മനസ്സിൽ ഒറ്റ വിചാരം മാത്രം ആ മനുഷ്യനെ അനാഥനാക്കാൻ പാടില്ല”- ഷാഹുൽ ഹമീദ് ഫേസ്ബുക്കിൽ കുറിച്ചു.

ഇഴയടുപ്പത്തിന് കാരണമായത് മാധ്യമം

ഗാന ഗന്ധർവൻ ഡോ.കെ.ജെ.യേശുദാസിനു വേണ്ടി വേദിയിൽ ഹാർമോണിയം വായിച്ച ശ്രീധരൻ ആരും സഹായിക്കാനില്ലാതെ കഷ്ടപ്പെടുന്നത് ഏഴു വർഷം മുമ്പ് മാധ്യമം വാർത്ത ചെയ്തിരുന്നു. ഈ വാർത്ത വായിച്ചാണ് ഡോ. ഷാഹുൽ ഹമീദ് പയ്യന്നൂരിലെത്തി ശ്രീധരനെ കാണുന്നതും പിന്നീടുള്ള എല്ലാ ജീവിത ചെലവുകളും ഏറ്റെടുക്കുന്നതും.അവശനായി ഡിസംബറിൽ പിലാത്തറ ഹോപ്പിലേക്ക് മാറ്റുന്നതു വരെ ആ സ്നേഹസ്പർശം പ്രവഹിച്ചു.

ഹാർമോണിയത്തിന്റെ അവസാന വാക്ക്

കലാമണ്ഡലത്തിൽ 12 വർഷത്തിലേറെ ഹാർമോണിയം കൈകാര്യം ചെയ്ത ശ്രീധരൻ ഗാനഗന്ധർവ്വൻ പത്മശ്രീ യേശുദാസിന്റെ ട്രൂപ്പിനൊപ്പം ഹാർമോണിയം വായിച്ചിട്ടുണ്ട്. ഹാർമോണിയം റിപ്പേർ ചെയ്യുന്ന പ്രവൃത്തിയും ഏറെക്കാലം ചെയ്തിതിരുന്നു. ആധുനിക സംഗീത ഉപകരണങ്ങൾ വന്നതോടെ റിപ്പേറിങ് ജോലിയും ഇല്ലാതായി. നാട്ടുകാരുടെ സഹായത്തോടെയാണ് ലോഡ്ജിൽ കഴിഞ്ഞിരുന്നത്.�

കാത്തിരുന്നു ആരും വന്നില്ല

കഴിഞ്ഞ തിങ്കളാഴ്ചയാണ് ശ്രീധരൻ മരിച്ചത്. മൃതദേഹം പയ്യന്നുർ പ്രിയദർശിനി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബന്ധുളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ഒന്നും ലഭ്യമല്ലാത്തതിനാൽ തിരിച്ചറിയുന്ന ബന്ധുക്കളോ സുഹൃത്തുക്കളോ എത്തി മൃതദേഹം ഏറ്റുവാങ്ങി സംസ്കരിക്കാൻ താൽപര്യമുണ്ടെങ്കിൽ വ്യാഴാഴ്ച ഉച്ചക്ക് 12ന് മുമ്പ് പരിയാരം പൊലീസ് സ്റ്റേഷനിലോ പിലാത്തറ ഹോപ്പ് റീഹാബിലിറ്റേഷൻ സെന്ററിലോ ബന്ധപ്പെടണമെന്നും അല്ലാത്ത പക്ഷം മൃതദേഹം സംസ്കരിക്കുന്നതാണെന്നും ഹോപ്പ് അധികൃതർ അറിയിച്ചിരുന്നു.

മൂന്നു ദിവസത്തെ മോർച്ചറിയിലെ കാത്തിരിപ്പിനു ശേഷവും ആരും എത്താത്തതിനെ തുടർന്നാണ് സംസ്കരിച്ചതും ഡോ. ഷാഹുൽ തന്നെ ചിതക്ക് തീ കൊളുത്തിയത്.

അത് എന്റെ ഉത്തരവാദിത്തം

ശ്രീധരേട്ടന്റെ ചിതക്ക് തീ കൊളുത്തേണ്ടത് സ്വന്തം ഉത്തരവാദിത്തമാണെന്നും അത്രക്ക് ആത്മബന്ധം അദ്ദേഹവുമായുണ്ടായിരുന്നതായും ഡോ. ഷാഹുൽ ഹമീദ് ‘മാധ്യമ’ത്തോടു പറഞ്ഞു. ഒപ്പം തികഞ്ഞ മത വിശ്വാസി കൂടിയാണ് താൻ. ഡോ. ഷാഹുൽ�ഹമീദ്�പറഞ്ഞു.

ഡോ. ഷാഹുൽ ഹമീദിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം

ശ്രീധരേട്ടനെ പൊതു ദർശനത്തിനായി ഹോപ്പിലേക്കു കൊണ്ട് വന്നു. ആരോരുമില്ലാത്ത ആൾ എന്നതിൽ നിന്നും സഹോദരന്റെ മകനിലേക്ക് വരെ അന്വേഷണം ചെന്നെത്തി എന്നിട്ടും ആർക്കും കാണാനോ അവസാന കർമ്മങ്ങളിൽ പങ്കെടുക്കാനോ താല്പര്യമില്ല

കിട്ടാവുന്നതിൽ ഏറ്റവും നല്ല പൂക്കളുപയോഗിച്ച് ഒരു റീത്തും കൊണ്ടാണ് ഞാൻ പോയത്. അവസാനമായി നൽകുന്നത് അല്ലെ. ഇനി ആ മനുഷ്യൻ ഒരു ആവശ്യത്തിനും എന്നെ വിളിക്കില്ലല്ലോ.. വിളിക്കുമ്പോളൊക്കെ പറയും സാറിന്റെ ശബ്ദം കേട്ടാൽ ഒരു സമാധാനം ആണ് എന്ന്.അത് കൊണ്ട് എന്ത് തിരക്കാണെങ്കിലും സാർ എന്റെ ഫോൺ എടുക്കാതെ നിൽക്കരുത് എന്ന് പറയുമായിരുന്നു.

ഇനി ആ വിളികൾ ഇല്ല….

6-7 വർഷമായി ശ്രീധരേട്ടൻ എന്നെ പരിചയപ്പെട്ടിട്ട് പയ്യന്നൂരിലേ ശ്രീധരേട്ടനെ കുറിച്ച് ഒരു വാർത്ത എന്റെ ശ്രദ്ധയിൽ പെടുത്തിയത് പയ്യന്നൂരിലെ രതീഷ് ആയിരുന്നു. അന്ന് മുതൽ ഞാൻ സപ്പോർട്ട് ചെയ്യുന്നതാണ് ശ്രീധരേട്ടനെ…

രണ്ട് മൂന്നു വർഷം മുമ്പ് ഒരു അപകട ഇൻഷുറൻസ് പോളിസിയിൽ നോമിനിയായി എന്റെ പേര് കൊടുക്കാൻ എന്നോട് ഡീറ്റെയിൽസ് എഴുതി വാങ്ങുമ്പോൾ ഞാൻ ചോദിച്ചു ശ്രീധരേട്ടന് എന്തെങ്കിലും പറ്റിയിട്ടു ഞങ്ങൾക്കെന്തിനാ പണം?

ബാങ്കിൽ അക്കൗണ്ട് ഉള്ളത് കൊണ്ട് ഫ്രീ ആയുള്ള പോളിസി ആണ്
എനിക്കും ആളുണ്ടെന്നു അവർ അറിഞ്ഞോട്ടെ സാറേ….
എന്റെ നോമിനി സാറാ……

ഇന്ന് അതോർക്കുമ്പോൾ അന്നേ അദ്ദേഹത്തിനു അറിയാമായിരിക്കണം എന്നെ തേടി ഒരു ബന്ധുവും വരില്ലെന്ന്. ശ്മശാനത്തേക്കു എത്തി ദഹിപ്പിക്കാനായി. തയാറാക്കിയ പെട്ടി പോലെ തോന്നിക്കുന്ന ചിതയിലേക്ക് ……

അവിടുള്ള ഒരാൾ ഇവരുടെ അവകാശി ആരാണെന്നു ചോദിച്ചു 2-3 പേര് ഉത്തരം പറഞ്ഞു ആരുമില്ല ആരും വന്നില്ല എന്ന്…

ഞാനുണ്ട് എന്ന് പറഞ്ഞു ഞാൻ മുന്നോട്ട് നീങ്ങി നിന്നു. കൂടെ ഹോപ്പിന്റെ ജയമോഹൻ സാറും പ്രിയേഷും അനുഗമിച്ചു. ജീവിതത്തിൽ ആദ്യമായി കയ്യിൽ ചിതക്കു തീ കൊളുത്താനുള്ള തീയുമായി ഞാൻ മുന്നോട്ട് നടന്നു. മനസ്സിൽ ഒറ്റ വിചാരം മാത്രം ആ മനുഷ്യനെ അനാഥനാക്കാൻ പാടില്ല. അങ്ങിനെ ശരിക്കും ഞാൻ ശ്രീധരേട്ടന്റെ നോമിനിയായി….

ചിതക്കു തീ കൊളുത്തിയതിനു ശേഷം മറ്റുള്ള ഭാഗങ്ങളിലേക്ക് ജയമോഹൻ സാറും പ്രിയേഷും തീ കൊളുത്തി. ദൃക്‌സാക്ഷികളായി കുറച്ചു മനുഷ്യ സ്നേഹികളും

ചെയ്തത് ശരിയാണോ എന്നറിയില്ല, മതം എന്ത് പറയുന്നു എന്നൊന്നും ഞാൻ നോക്കിയില്ല 6-7 വർഷമായി എന്നെ സ്നേഹിച്ചു കൂടെ ഉണ്ടായിരുന്ന ഒരു മനുഷ്യനെ അനാഥനായി പറഞ്ഞയക്കാൻ കഴിയില്ലായിരുന്നു

എന്നാലും അവസാന നിമിഷം വരെ ഞാൻ ആഗ്രഹിച്ചിരുന്നു ശ്രീധരേട്ടന്റെ ഏതെങ്കിലും ഒരു ബന്ധു വന്നിരുന്നെങ്കിൽ എന്ന് ശ്രീധരേട്ടൻ എന്താണ് ആഗ്രഹിച്ചതെന്നു നമുക്ക് അറിയില്ല എന്നാലും നമ്മുടെ ഉത്തരവാദിത്തം നിറവേറ്റി എന്ന വിശ്വാസത്തോടെ , ശ്രീധരേട്ടന്റെ ആത്മാവിന്റെ ശാന്തിക്കു വേണ്ടി പ്രാർഥനയോടെ’.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!