കണ്ണൂർ: മരിച്ചെന്ന് ബന്ധുക്കൾ സാക്ഷ്യപ്പെടുത്തിയ വ്യക്തിയുടെ ‘മൃതദേഹം’ മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവന്റെ തുടിപ്പ് കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് കണ്ണൂർ എ.കെ.ജി ആശുപത്രിയിലെ അറ്റൻഡർ ജയൻ. 13 വർഷമായി ഈ ജോലി ചെയ്യുന്ന തന്റെ ജീവിതത്തിലെ ആദ്യത്തെ അനുഭവമാണിതെന്നും അദ്ദേഹം പറഞ്ഞു.
‘ആംബുലൻസിൽനിന്ന് ഇറക്കിയപ്പോൾ തന്നെ ചെറിയ സംശയം തോന്നി. കൂടെയുണ്ടായിരുന്ന ഇലക്ട്രീഷ്യൻ അനൂപേട്ടനും ജീവനുള്ളതായി സംശയം പ്രകടിപ്പിച്ചു. മരിച്ചെന്ന് പറഞ്ഞു കൊണ്ടുവന്ന ഒരാൾക്ക് ജീവനുള്ളത് വിശ്വസിക്കാനായില്ല. 13 വർഷമായി ഈ ജോലി ചെയ്യുന്നു. എന്റെ ജീവിതത്തിൽ ഇതാദ്യത്തെ അനുഭവമാണ്. പുറത്തുനിന്ന് എല്ലാം കൺഫേം ചെയ്തിട്ടല്ലേ ഇങ്ങോട്ട് കൊണ്ടുവരിക. ഇതുവരെ ബോഡി കൊണ്ടുവന്നാൽ അങ്ങനെയാണ് ഞങ്ങൾ കാണുന്നത്. കൊണ്ടുവന്ന ആരും ഇതുവരെ എഴുന്നേറ്റിട്ടില്ല. ആള് ഇപ്പോൾ ഐ.സിയുവിൽ തന്നെയുണ്ട്. വിളിക്കുമ്പോൾ മിണ്ടുന്നുണ്ട്’ -അദ്ദേഹം പറഞ്ഞു.
കണ്ണൂർ എ.കെ.ജി സഹകരണ ആശുപത്രിയിൽ ഇന്നലെ പുലർച്ചയായിരുന്നു സംഭവം. മരിച്ചെന്നു കരുതി മോർച്ചറിയിലേക്ക് മാറ്റിയ പാച്ചപ്പൊയ്ക സ്വദേശി പവിത്രനാണ് മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവനുണ്ടെന്ന് അറ്റൻഡർ ജയൻ തിരിച്ചറിഞ്ഞത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി മംഗളൂരുവിലെ ആശുപത്രിയിലെ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞ രോഗിയെ രാത്രിയാണ് 130 കിലോമീറ്ററോളം താണ്ടി കണ്ണൂരിലേക്ക് കൊണ്ടുവന്നത്. വെന്റിലേറ്ററിൽനിന്ന് മാറ്റിയാൽ ജീവൻ നഷ്ടമാകുമെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്.
ദിവസങ്ങളോളം വെന്റിലേറ്ററിൽ കഴിഞ്ഞിട്ടും ആരോഗ്യനിലയിൽ മാറ്റമൊന്നും ഉണ്ടാകാതിരുന്നതോടെ ബന്ധുക്കൾ കൂടിയാലോചിച്ച് വെന്റിലേറ്ററിൽനിന്ന് നീക്കംചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ആംബുലൻസിൽ കണ്ണൂരിലേക്ക് കൊണ്ടുവന്ന പവിത്രനെ നേരെ വീട്ടിലേക്ക് കൊണ്ടുപോകാതെ മോർച്ചറിയിൽ സൂക്ഷിക്കാനായിരുന്നു തീരുമാനം. തുടർന്ന് മോർച്ചറിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ജീവന്റെ തുടിപ്പ് തിരിച്ചറിഞ്ഞത്. ഉടൻ തന്നെ അറ്റൻഡർ ഡോക്ടർമാരെ വിവരമറിയിച്ചു.
പ്രാദേശിക ജനപ്രതിനിധികൾ സാക്ഷ്യപ്പെടുത്തിയതിനാലാണ് മോർച്ചറി സൗകര്യം ഒരുക്കിനൽകിയതെന്ന് എ.കെ.ജി ആശുപത്രി അധികൃതർ പ്രതികരിച്ചു. പവിത്രൻ മരിച്ചെന്ന വാർത്ത ചൊവ്വാഴ്ച ദിനപത്രങ്ങളിലും വന്നിരുന്നു.