ശ്രീകണ്ഠപുരം: പഴങ്കഥകളിൽ മാത്രം വായിച്ചറിഞ്ഞ നിധി കാണാൻ നാട്ടുകാർ ഒഴുകിയെത്തി. വെള്ളിനാണയങ്ങളും മുത്തുമണികളും കണ്ടതോടെ കണ്ണുകളിലാകെ കൗതുകം. ചെങ്ങളായി പഞ്ചായത്ത് പത്താംവാർഡിൽ പരിപ്പായി ഗവ. യു.പി സ്കൂളിന് സമീപെത്തെ റബർ തോട്ടത്തിൽനിന്നാണ് രണ്ട് ദിവസമായി നിധിശേഖരം കണ്ടെത്തിയത്.
തൊഴിലുറപ്പ് തൊഴിലാളികൾ മഴക്കുഴി എടുക്കുന്നതിനിടെയാണ് നിധി ശേഖരം കണ്ടെത്തിയത്. ആയിഷ, സുഹറ എന്നിവരാണ് നിധിശേഖരം ആദ്യം കണ്ടത്. ഭണ്ഡാരം പോലുള്ള ചെമ്പുപാത്രവും ചിതറിയ നിലയിൽ ആഭരണങ്ങളുമാണ് ലഭിച്ചത്.
കൂടോത്രമാണോയെന്ന തമാശ പറഞ്ഞ് ഇവ അവിടെ വെച്ച് മറ്റുതൊഴിലാളികളെ വിവരമറിയിക്കുകയായിരുന്നു. പിന്നീടാണ് പൊലീസിനെ അറിയിച്ചത്. അവരെത്തി കൈമാറിയതോടെയാണ് തൊഴിലാളികൾ മടങ്ങിയത്. സുജാത, സുലോചന, നബീസ, ആയിഷ, സുഹറ, രോഹിണി പത്മിനി, ശാന്ത, കാര്‍ത്ത്യായനി, അജിത, ദിവ്യ, സാവിത്രി, ജാനകി, ജാന്‍സി, വിമല, കമല, പ്രേമ, രാധ, സുമിത്ര എന്നിവരാണ് തൊഴിലാളി സംഘത്തിലുണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം ലഭിച്ചതിന്റെ തൊട്ടടുത്തുനിന്ന് ശനിയാഴ്ച നബീസയാണ് വെള്ളിനാണയങ്ങളും മുത്തുമണികളും കണ്ടെത്തിയത്. നിധി കണ്ടെത്തുമ്പോള്‍ ആരോ കൂടോത്രം ചെയ്ത സാധനങ്ങളാണെന്നാണ് ആദ്യം കരുതിയത്.
പിന്നീടാണ് ഭയം മാറിയതെന്ന് തൊഴിലാളികള്‍ പറഞ്ഞു. ബോംബ് കണ്ടെത്തിയെന്ന നിലയിലുള്ള പ്രചാരണത്തില്‍ പരിസരവാസികളും തൊഴിലുറപ്പ് തൊഴിലാളികളും കടുത്ത പ്രതിഷേധത്തിലാണ്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ശ്രീകണ്ഠപുരം എസ്.ഐ എം.വി. ഷീജു, പത്താംവാർഡ് അംഗം കെ.വി. ഉഷകുമാരിയിൽ നിന്ന് നിധി ശേഖരം ഏറ്റുവാങ്ങി. വ്യാഴാഴ്ച കണ്ടെത്തിയ നിധി തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയിരുന്നു.
നിധിശേഖരം രാജവംശ കാലത്തേത്; മോഷ്ടാക്കൾ കൊണ്ടുവെച്ചതാവാം
ശ്രീകണ്ഠപുരം: ചെങ്ങളായി പരിപ്പായിൽനിന്ന് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ലഭിച്ച സ്വർണാഭരണങ്ങളും വെള്ളി നാണയങ്ങളും ഏറെ പഴക്കമുള്ളവയാണെന്ന് വ്യക്തം. നാണയങ്ങളിൽ അറബി വാക്ക് എന്ന് തോന്നിക്കുന്ന എഴുത്തുകളുണ്ട്.
കമ്മലുകൾക്കും മറ്റും പഴയ പ്രതാപ ചരിത്രം തോന്നിക്കുന്നുണ്ട്. കണ്ണൂരിലെ അറക്കൽ രാജവംശ കാലത്തെ നാണയങ്ങളും ആഭരങ്ങളുമാണെന്ന നിഗമനത്തിലാണ് അധികൃതർ. മോഷ്ടാക്കൾ കവർച്ച മുതലുകൾ മണ്ണിൽ കുഴിച്ചിട്ടതാവാനും പഴയ വീട്ടുകാർ കള്ളന്മാരെ ഭയന്ന് വീട്ടിന്റെ കോണിൽ കുഴിച്ചിട്ടതാവാനും സാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. പുരാവസ്തു വകുപ്പിന്റെ പരിശോധനക്കുശേഷമേ കാര്യങ്ങളിൽ വ്യക്തത വരുകയുള്ളൂ.