പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി വെസ്റ്റ് ആയുഷ് പ്രൈമറി ഹോമിയോ ഹെൽത്ത് സെന്ററിന് സമീപത്തെ കൂറ്റൻ തേക്ക് മരം കെ.എസ്.ടി.പി റോഡിലേക്ക് വീണു. അതിന് മുകളിലുണ്ടായിരുന്ന കൂറ്റൻ ഇരുമ്പ് ഷീറ്റ് മേൽക്കൂര കെ.എസ്.ടി.പി റോഡും കടന്നു 30 മീറ്ററിന് അപ്പുറം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പതിച്ചു. സമീപത്തെ ഇട്ടോൻ സ്ക്വയർ കെട്ടിട സമുച്ചയത്തിന്റെ മേൽകുര കാറ്റിൽ പാറിപ്പോയി. ഇതേ കെട്ടിടത്തിലെ നിരവധി ഗ്ലാസ് ഷീറ്റുകളും ഗ്ലാസ് ജനലുകളും തകർന്നു. സമീപത്തെ സുമീറിന്റെ വീടിന്റെ ഓട് മേൽക്കൂരയും പാറിപ്പോയി. സമീപത്തെ ബുശ്റയുടെ വീടിന്റെ ഗ്ലാസ് ഷീറ്റുകൾക്കും ജനലുകൾക്കും നാശനഷ്ടമുണ്ടായി. പാപ്പിനിശ്ശേരി വെസ്റ്റ് മാവേലി സ്റ്റോറിന് സമീപത്തെ തട്ടുകട 10 മീറ്ററോളം അകലേക്ക് തെറിച്ചുവീണു. ആളപായമില്ല.
ചിറക്കൽ പഞ്ചായത്തിൽ ബാലൻ കിണർ, കീരിയാട്, പുഴാതി ഭാഗങ്ങളിൽ വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. പ്രദേശത്ത് വ്യാപകമായി മരങ്ങൾ പൊട്ടിവീണു. ബാലൻ കിണർ അംഗൻവാടിക്ക് സമീപത്തെ ബാലമുരളിയുടെ വീടിന്റെ മേൽക്കൂര മരം വീണ് തകർന്നു. ആർക്കും പരിക്കില്ല. സമീപത്തെ ചെന്ന്യൻ സുബൈദ, പ്രേമലേഖ, കണ്ടമ്പേത്ത് ശ്രീജ, കീച്ചിപ്പുറത്ത് ശാന്ത എന്നിവരുടെ വീടിന് മുകളിലേക്കും മരം വീണു.
പ്രദേശത്ത് വൈദ്യുതി വിതരണം തകരാറിലായി. പഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രുതി, വാർഡ് മെംബർ സുരജ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. ഇരിണാവ് കുളത്തിന് സമീപം കാലവർഷക്കെടുതിയിൽ മരം വീണ സ്ഥലങ്ങൾ എം. വിജിൻ എം.എൽ.എ സന്ദർശിച്ചു.
ചക്കരക്കല്ല്: വ്യാഴാഴ്ച പുലർച്ചെ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിൽ പ്രദേശത്ത് വ്യാപക നാശനഷ്ടം. മരം കടപുഴകി വീടുകൾക്ക്ക്ക് വലിയ നാശനഷ്ടമുണ്ടായി. ലൈനിൽ മരം കടപുഴകി നിരവധി പ്രദേശങ്ങളിൽ വൈദ്യുതി ബന്ധം നിലച്ചു. പലയിടത്തും ഗതാഗത തടസ്സമുണ്ടായി. ഏച്ചൂർ, നരിക്കോട്, ചോരയാംകുണ്ട്, തിലാന്നൂർ മുരിങ്ങേരി തുടങ്ങി ഭാഗങ്ങളിൽ കനത്ത നാശമാണുണ്ടായത്.
ശക്തമായ കാറ്റിൽ ചക്കരക്കൽ ഏച്ചൂർ ലക്ഷംവീട് കോളനി റോഡിൽ കൂറ്റൻമരം കടപുഴകി വീട് തകർന്നു. കൊല്ലന്റ വളപ്പിൽ ഉത്തമന്റെ വീടാണ് ഭാഗികമായി തകർന്നത്.
നരിക്കോട് പോതിക്കോട്ടം ക്ഷേത്രത്തിന് സമീപത്തെ എടത്രോത്ത് മഹേഷിന്റെ വീടിന് മുകളിൽ മരം വീണ് വീട് ഭാഗികമായി തകർന്നു. ചക്കരക്കൽ സെക്ഷന് കീഴിൽ വ്യാഴാഴ്ച വൈകീട്ടുവരെ വൈദ്യുതി വിതരണം പൂർണമായും തടസ്സപ്പെട്ടു. വൈദ്യുത ലൈനുകൾക്ക് നാശം സംഭവിച്ച ചിലയിടങ്ങളിൽ വൈദ്യുതി വിതരണം വെള്ളിയാഴ്ച വൈകീട്ടോടെ മാത്രമേ പുനസ്ഥാപിക്കാൻ കഴിയൂവെന്ന് ചക്കരക്കൽ കെ.എസ്.ഇ.ബി അസി. എൻജിനീയർ അബ്ദുൽ നാസർ പറഞ്ഞു. ബാക്കിയുള്ള ഭാഗങ്ങളിലേക്ക് വരുന്ന പ്രധാന ലൈനുകളിൽ വ്യാഴാഴ്ച വൈകീട്ട് തന്നെ വൈദ്യുതി പുനഃസ്ഥാപിച്ചു.