ഉരുവച്ചാൽ: നവീകരണ പ്രവൃത്തി തുടങ്ങി രണ്ടു വർഷത്തിലേറെയായിട്ടും പൂർത്തിയാകാതെ ഉരുവച്ചാൽ-മണക്കായി റോഡ്. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയ റോഡിന്റെ നിർമാണ പ്രവൃത്തി ഏറ്റെടുത്തത് കെ.എസ്.ടി.പിയാണ്.
റോഡിന് ഇരുവശത്തുമുള്ള ഓടകൾ സ്ലാബ് നിരത്തി കാൽനടക്കാർക്ക് ഉപയോഗിക്കാനാവും വിധം സുന്ദരമാക്കുമെന്ന വാക്ക് നടപ്പായില്ല. അശാസ്ത്രീയ നിർമിതി കാരണം പല സ്ഥലങ്ങളിലും കാൽനട ദുസ്സഹമാണ്. നിർമാണത്തിലെ അപാകത ഇതിനകം പല അപകടങ്ങൾക്കും കാരണമായിട്ടുണ്ട്.
മൂന്നാം പീടികയിലെ വ്യാപാരി മൊയ്തീൻ കുട്ടി അപകടത്തിൽ മരിക്കാനിടയായത് റോഡിന്റെ മോശാവസ്ഥ മൂലമാണ്. തെരുവുവിളക്ക് സ്ഥാപിക്കുന്നതോടെ ഇരുവശത്തുമുള്ള നിലവിലെ സൗകര്യം പോലുമില്ലാതാവും. ഇരുഭാഗത്തും തെരുവുവിളക്ക് സ്ഥാപിക്കാൻ റോഡരികിൽ കോൺക്രീറ്റ് ചെയ്തത് വാഹനങ്ങൾക്ക് അപകടഭീഷണിയാകുകയാണ്. ദിവസങ്ങൾക്ക് മുമ്പ് എതിരെ വന്ന വാഹനത്തിന് അരിക് നൽകുന്നതിനിടെ കാർ തെരുവുവിളക്ക് സ്ഥാപിച്ച കോൺക്രീറ്റിലിടിച്ച് മൂന്നുപേർക്ക് പരിക്കേൽക്കുകയും വാഹനം തകരുകയും ചെയ്തിരുന്നു. നിരുത്തരവാദപരമായ കരാറുകാരുടെ സമീപനം തിരുത്തി റോഡ് നിർമാണം പൂർത്തിയാക്കാൻ അധികൃതർക്ക് സാധിക്കുന്നില്ലെന്ന് ആരോപണമുണ്ട്.
മഴക്കാലത്ത് വെള്ളം ഒഴുകി പ്പോകാനുള്ള രീതിയിലല്ല പലയിടങ്ങളിലും അഴുക്കുചാൽ നിർമാണമെന്ന പരാതിയുമുണ്ട്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തിപ്പെടാനുള്ള എളുപ്പവഴി കൂടിയാണ് റോഡ്. ഉരുവച്ചാൽ മണക്കായി റോഡ് നിർമാണത്തിലെ അപാകതകളും മെല്ലെപ്പോക്കും കാൽനടപോലും ദുസ്സഹമായ ദുരവസ്ഥയും പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.