തലശ്ശേരി: എം.ഡി.എം.എയും കഞ്ചാവുമായി കടന്നുകളയാൻ ശ്രമിച്ച യുവാവിനെ തലശ്ശേരി എക്സൈസ് സംഘം പിടികൂടി. മുഴപ്പിലങ്ങാട് സ്വദേശി സി.കെ. ഷാഹിൻ ഷബാബാണ് (25) പിടിയിലായത്. 7.3 ഗ്രാം കഞ്ചാവും 2.9 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തത്.
തലശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ. സുബിൻ രാജും പാർട്ടിയും രാത്രികാല പട്രോളിങ് നടത്തുന്നതിനിടയിൽ തലശ്ശേരി കടൽപാലം പരിസരത്ത് നിന്ന് മാർക്കറ്റിലേക്കുള്ള റോഡിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
വ്യാഴാഴ്ച രാത്രി 12 മണിയോടടുപ്പിച്ച് എക്സൈസ് പാർട്ടിയെ കണ്ട ഷാഹിൻ ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ പിന്തുടർന്ന് കീഴ്പ്പെടുത്തുകയായിരുന്നു.
നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ തലശ്ശേരി സ്പെഷൽ സബ് ജയിലിൽ റിമാൻഡ് ചെയ്തു. തലശ്ശേരി, മുഴപ്പിലങ്ങാട്, മാഹി കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്നയാളാണ് ഷാഹിൻ ഷബാബെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ചോദ്യം ചെയ്ത് കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ എക്സൈസ് ശ്രമം ആരംഭിച്ചു.
10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. അസി. എക്സൈസ് ഇൻസ്പെക്ടർ പി.ഡി. സുരേഷ്, അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സുധീർ വാഴവളപ്പിൽ, പി.ഒ (ജി) മാരായ കെ. ബൈജേഷ്, ലെനിൻ എഡ്വേർഡ്, സി.ഇ.ഒ കെ. സരിൻ രാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.