കണ്ണൂർ: ദയവായി ഓൺലൈനിൽ ഒരുവട്ടമെങ്കിലുമൊന്ന് പറ്റിക്കൂ എന്ന ലൈനിലാണ് മലയാളികളെന്ന് തോന്നിപ്പോകും. രണ്ടര മാസത്തിനിടെ ഒന്നര കോടിയിലേറെ രൂപയാണ് ജില്ലയിൽനിന്ന് ഓൺലൈൻ തട്ടിപ്പുസംഘങ്ങൾ കവർന്നത്. നേരത്തെ ഓൺലൈൻ തട്ടിപ്പിന് പിന്നിൽ നൈജീരിയൻ, ഉത്തരേന്ത്യൻ മാഫിയകളായിരുന്നെങ്കിൽ ഇപ്പോൾ മലയാളികൾ നേതൃത്വം നൽകുന്ന സംഘങ്ങൾ സജീവമാണെന്നാണ് സൈബർ പൊലീസിന്റെ പുതിയ കണ്ടെത്തൽ.
ഓൺലൈൻ പാർട്ട് ജോലി തട്ടിപ്പ്, െക്രഡിറ്റ് കാർഡ് തട്ടിപ്പ് തുടങ്ങിയവയുടെ പിന്നിലെ പ്രധാന തല മലയാളികളെന്നാണ് തെളിയുന്നത്. ജില്ലയിലെ വിവിധ ഓൺലൈൻ തട്ടിപ്പുകേസുകളുമായി ബന്ധപ്പെട്ട് മൂന്ന് ദിവസത്തിനിടെ മൂന്ന് മലയാളികൾ സൈബർ പൊലീസിന്റെ പിടിയിലായി.
കുറഞ്ഞ സമയത്തിനുള്ളിൽ വന് സാമ്പത്തികനേട്ടവും പിടിക്കപ്പെടാനുള്ള സാധ്യതക്കുറവുമാണ് മലയാളികൾ ഇത്തരം തട്ടിപ്പിന് പിന്നാലെ പോകാൻ കാരണമെന്നാണ് വിലയിരുത്തൽ. പൊലീസിന്റെ അറിയിപ്പുകളും തട്ടിപ്പ് വാർത്തകളും എത്ര വന്നാലും മലയാളികൾ പഠിക്കുന്നില്ലെന്നാണ് സൈബർ പൊലീസ് പറയുന്നത്. ഇത് മുതലെടുത്താണ് മലയാളി തട്ടിപ്പുസംഘങ്ങൾ പ്രവർത്തിക്കുന്നത്.
ഗൂഗിളിൽ പല കാര്യങ്ങൾക്കുമായിതിരയുമ്പോൾ ലഭിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുന്നവരും സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങളിലും ലിങ്കുകളിലും ക്ലിക്ക് ചെയ്യുന്നവരുമാണ് പ്രധാനമായും തട്ടിപ്പിനിരയാകുന്നത്. പാർട്ട് ടൈം ജോലിയുമായി ബന്ധപ്പെട്ട് കോടികളുടെ തട്ടിപ്പാണ് നടക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ പരസ്യം നൽകും. അധികവരുമാനം പ്രതീക്ഷിച്ച് ബന്ധപ്പെടുന്നവരോട് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അടക്കം ചോദിച്ചറിയും.
ചെറിയ ടാസ്കുകൾ നൽകി വേതനമായി പണം നൽകും. കൂടുതൽ ടാസ്കുകൾ ഏറ്റെടുക്കുന്നതിനായി അങ്ങോട്ട് പണം ആവശ്യപ്പെടും. ടാസ്കുകൾ പൂർത്തിയാക്കിയിട്ടും പണം ലഭിക്കാതായാൽ പരസ്യക്കാരെ ബന്ധപ്പെടാൻ കഴിയാതിരിക്കുമ്പോഴാണ് പലരും തട്ടിപ്പിനിരയായ വിവരം മനസിലാക്കുന്നത്.
ടെലിഗ്രാമിൽ പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന സന്ദേശം കണ്ട് പണം നൽകിയ യുവാവിന് 89.54 ലക്ഷം നഷ്ടമായത് കഴിഞ്ഞയാഴ്ചയാണ്. ആദ്യമണിക്കൂറുകൾക്കുള്ളിൽ പരാതിപ്പെട്ടില്ലെങ്കിൽ അന്വേഷണവും പണം വീണ്ടെടുക്കാനും ബുദ്ധിമുട്ടാവും. നഷ്ടമായ പണം പല പല അക്കൗണ്ടുകളിലേക്ക് കൈമാറിപ്പോകുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
ഇരകൾ പഠിപ്പും ജോലിയുമുള്ളവർ
വിദ്യാഭ്യാസവും ജോലിയുമുള്ളവരാണ് കൂടുതലായും തട്ടിപ്പിനിരാകുന്നതെന്നാണ് സൈബർ പൊലീസിന്റെ കണ്ടെത്തൽ. ഓഹരി ഇടപാടുകൾ, ഓൺലൈനിലൂടെ സാധനങ്ങൾ വാങ്ങൽ, ഗിഫ്റ്റ് വൗച്ചർ, ലോൺ ആപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ചതിക്കുഴികളിൽ മലയാളികൾ എളുപ്പത്തിൽ വീഴുന്നുണ്ട്. ഇത്തരം തട്ടിപ്പിനിരയാകുന്നതിൽ കൂടുതലും സ്ത്രീകളാണ്.
സമൂഹമാധ്യമങ്ങളിലൂടെ ഒരുകോടിയോളം രൂപയാണ് ഒരുമാസത്തിനിടെ ജില്ലയിലെ വിവിധയാളുകളിൽ നിന്ന് സംഘങ്ങൾ തട്ടിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടയാൾ ധർമ്മടം സ്വദേശിനിയായ യുവതിയിൽനിന്ന് ഏഴുലക്ഷം രൂപ തട്ടിയെടുത്തതാണ് ഒടുവിലത്തെ സംഭവം. വിദേശത്തുള്ള വക്കീൽ എന്ന വ്യാജേന പരിചയപ്പെട്ടയാൾ യുവതിയിൽ നിന്നും രണ്ട് ലക്ഷം രൂപ കൈപ്പറ്റിയ ശേഷം ആ തുക യൂറോ ആയി തിരിച്ചു അയച്ചിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു.
യൂറോ ലഭിക്കുന്നതിനായി വിവിധ കാരണങ്ങൾ പറഞ്ഞു വീണ്ടും പണം ആവശ്യപെട്ടത് പ്രകാരം 6,98,504 രൂപയാണ് യുവതിയിൽനിന്നും കൈക്കലാക്കിയത്. മറ്റൊരു പരാതിയിൽ എടക്കാട് സ്വദേശിക്ക് രണ്ടു ക്രെഡിറ്റ് കാർഡുകളിൽ നിന്നായി 58,000 രൂപ നഷ്ടമായി. തട്ടിപ്പിലൂടെ ഒ.ടി.പി കരസ്ഥമാക്കിയാണ് പരാതിക്കാരനിൽനിന്നും തുക കൈക്കലാക്കിയത്. നഷ്ടപ്പെട്ട തുക തട്ടിപ്പുകാർ ഫ്ലിപ്പ്കാർട് ആപ്പിൾ വൗചർ വാങ്ങുന്നതിനായി ഉപയോഗിച്ചു.
ഇൻസ്റ്റഗ്രാമിൽ പാർട്ട് ടൈം ഓൺലൈൻ ജോലി ചെയ്ത് പണം സമ്പദിക്കാമെന്ന സന്ദേശം കണ്ട് പണം നൽകിയ ധർമ്മടം സ്വദേശിനിക്ക് 1.10 ലക്ഷം രൂപ കഴിഞ്ഞദിവസം നഷ്ടമായിരുന്നു.
ഉടൻ പരാതിപ്പെടണം
ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻതന്നെ 1930 എന്ന നമ്പറിൽ പരാതിപ്പെടണം. എവിടെ പരാതിപ്പെടുമെന്ന് അറിയാത്തതിനാൽ ഒരുപാടുപേർ തട്ടിപ്പ് വിവരം പുറത്തുപറയാറില്ല.
പൊലീസ് സ്റ്റേഷനുകളിലും www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതിപ്പെടാം. മാനഹാനി ഭയന്നും പുറത്തുപറയാത്തവർ ഏറെ. ഒരാളുടെ അറിവും സമ്മതവുമില്ലാതെ ആരും ഓൺലൈൻ തട്ടിപ്പിനിരയാകില്ലെന്നാണ് സൈബർ പൊലീസിന്റെ പക്ഷം. അധികവരുമാനം പ്രതീക്ഷിച്ച് പലരും തട്ടിപ്പില് അങ്ങോട്ടുചെന്ന് ചാടുകയാണ്.
ഒ.ടി.പി കൈമാറരുതെന്നറിയാം, എന്നിട്ടും…
സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ടവരുടെ വ്യാജ വാഗ്ദാനങ്ങളിൽ വിശ്വസിച്ചു പണം നൽകുകയോ ക്രെഡിറ്റ് കാർഡ് വിവരങ്ങളോ ഒ.ടി.പിയോ പങ്കുവെക്കുകയോ ചെയ്യരുതെന്ന് ഭൂരിഭാഗംപേർക്കും അറിയാം. പക്ഷെ, എന്നാലും തട്ടിപ്പിനിരയാവും. ‘എല്ലാം അറിയാം എന്നാലും ഒരു അബദ്ധം പറ്റി’ എന്നാണ് പരാതിയുമായെത്തുന്നവർ പൊലീസിനോട് പറയുന്നത്. ഓൺലൈനിലൂടെ പണക്കാരനാകുമെന്ന് കരുതി സുഹൃത്തുക്കളോടും ബന്ധുക്കളോടും പങ്കുവെക്കാതെയാണ് പലരും തട്ടിപ്പിന് തലവെക്കുന്നത്. ഒ.ടി.പി പങ്കുവെച്ച് പണം നഷ്ടമായതിൽ ബാങ്ക് ജീവനക്കാർ വരെയുണ്ട്.