തലശ്ശേരി: നഗരം മോഷ്ടാക്കാൾ അടക്കിവാഴുമ്പോഴും പൊലീസ് നിഷ്ക്രിയമെന്ന് ആക്ഷേപം. ചിറക്കര പ്രദേശത്താണ് അടുത്ത കാലത്തായി മോഷണം വ്യാപകമായിട്ടുള്ളത്. ചിറക്കര എസ്.എസ് റോഡിലെയും ടൗൺ ഹാൾ പരിസരത്തെയും രണ്ട് വീടുകളിലാണ് ഒടുവിലായി മോഷണശ്രമം അരങ്ങേറിയത്. അടുത്തകാലത്തായി ചിറക്കര പ്രദേശത്തെ നിരവധി വീടുകളിൽ മോഷ്ടാക്കൾ കയറിയിറങ്ങിയെങ്കിലും ഒന്നിനും തുമ്പുണ്ടാക്കാൻ തലശ്ശേരി പൊലീസിന് സാധിച്ചിട്ടില്ല.
മോഷ്ടാക്കളുടെ സി.സി.ടി.വി ദൃശ്യം പൊലീസ് ശേഖരിക്കുന്നുണ്ടെങ്കിലും അന്വേഷണം വഴിമുട്ടുകയാണ്. പ്രവാസജീവിതം നയിക്കുന്ന പല കുടുംബങ്ങളും മോഷ്ടാക്കളുടെ സ്വൈരവിഹാരം കാരണം ആകുലതയിലാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ അടിക്കടിയായി ചിറക്കര മേഖലയിൽ മോഷണം അരങ്ങുതകർക്കുകയാണ്. പൊലീസ് നായയും വിരലടയാള വിദഗ്ധരുമെല്ലാം അന്വേഷണത്തിന് എത്തുന്നുണ്ടെങ്കിലും കേസുകളൊന്നും തെളിയിക്കപ്പെടുന്നില്ലെന്നതാണ് വാസ്തവം. പള്ളിത്താഴയിലെയും സീതിസാഹിബ് റോഡിലെയും രണ്ട് വീടുകളിൽ മോഷണ ശ്രമമുണ്ടായതിന് പിന്നാലെ ചിറക്കര കണ്ണോത്ത് പള്ളി പരിസരത്തെ സാമിയ വീട്ടിലും ദിവസങ്ങൾക്ക് മുമ്പ് മോഷണശ്രമമുണ്ടായി.
വീട് കുത്തിത്തുറക്കാനുള്ള കമ്പിപ്പാരയുമായാണ് മോഷ്ടാക്കൾ മുഖം മറച്ച് കവർച്ചക്കെത്തുന്നത്. സി.സി.ടി.വി ദൃശ്യങ്ങളിൽ ഇത് വ്യക്തമാണ്. ആൾത്താമസമില്ലാത്ത അടച്ചിട്ട വീടുകളാണ് കവർച്ചക്ക് അധികവും തിരഞ്ഞെടുക്കുന്നത്. മുൻകൂട്ടി വീടും പരിസരവും നിരീക്ഷിച്ച ശേഷമാണ് അർധരാത്രി കവർച്ചക്കിറങ്ങുന്നത്. അടിക്കടിയുളള മോഷണം തലശ്ശേരിയിലും പരിസരപ്രദേശങ്ങളിലുമുള്ള ജനങ്ങളിൽ ഭീതിയുണർത്തുകയാണ്. ഗൃഹനാഥയെ വീട്ടിനകത്ത് ബന്ദിയാക്കി കഴുത്തിന് നേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണാഭരണവും പണവും കൊള്ളയടിച്ച സംഭവത്തിന്റെ നടുക്കം ഇനിയും മാറിയിട്ടില്ല.
ചിറക്കര കെ.ടി.പി മുക്കിലെ വീട്ടിൽ നടന്ന സംഭവത്തിൽ പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. ആൾ പെരുമാറ്റമുള്ള സ്ഥലത്ത് പുലർച്ചെ മൂന്നിന് നടന്ന കവർച്ച ഏറെ ആസൂത്രിതമായിരുന്നു. വീട്ടിനകത്ത് സ്ത്രീകൾ മാത്രമാണ് സംഭവസമയത്ത് ഉണ്ടായിരുന്നത്.
വീട്ടുകാർ ബഹളം വെക്കുമ്പോഴേക്കും സ്വർണവും പണവും കൈക്കലാക്കി മോഷ്ടാക്കൾ രക്ഷപ്പെട്ടു. നഗരത്തിൽ അടുത്ത കാലത്തായി മോഷണം വ്യാപകമായിട്ടും പൊലീസ് നൈറ്റ് പട്രോളിങ് കാര്യക്ഷമമല്ലെന്ന ആക്ഷേപം ശക്തമാണ്.