പയ്യന്നൂർ: 10 ദിവസത്തിനകം കണ്ണൂർ, കാസർകോട് ജില്ലകളിലെ റോഡിൽ പൊലിഞ്ഞത് 15 ജീവനുകൾ. അമിതവേഗവും മഴക്കുഴികളും മരണക്കെണിയൊരുക്കുമ്പോൾ ഇടപെടാൻ ആരുമില്ലാത്ത സ്ഥിതിയാണ്.
ജൂൺ രണ്ടിന് ചന്തേരയിലെ അബ്ദുൽ ബഷീർ മാണിയാട്ട് ബാങ്കിനു മുന്നിൽ കാറിടിച്ചു മരിച്ചതാണ് തുടക്കം. തുടർദിവസങ്ങളിൽ അപകട മരണങ്ങളുടെ പരമ്പരയാണ്. മൂന്നിന് മറ്റൊരു കാൽനട യാത്രക്കാരനുകൂടി ജീവൻ നഷ്ടപ്പെട്ടു. ബദിയഡുക്കയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കുശല (42)യാണ് മരിച്ചത്. നാലിന് കോഴിക്കോട് പൂനൂർ സ്വദേശി അബ്ദു റഹ്മാന് ജീവൻ നഷ്ടപ്പെട്ടത് തലശ്ശേരി മാഹി ബൈപാസിൽ.
ഇതേദിവസം കാഞ്ഞങ്ങാട് സ്കൂട്ടർ ഇടിച്ച് വീട്ടമ്മ മരിച്ചു. ചിറ്റാരിക്കാലിലെ പുഷ്പമ്മ ജോണാണ് മരിച്ചത്. അഞ്ചിന് രണ്ടുകുട്ടികളാണ് പാതയിൽ രക്തസാക്ഷികളായത്. തലശ്ശേരി മമ്പറത്ത് വീടിനു മുമ്പിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അഞ്ചുവയസ്സുകാരി സൻഹ മറിയ വാഹനമിടിച്ച് ദാരുണമായി മരിച്ചു.
കീഴൂർ ഇരിട്ടിയിൽ ലോറി ബൈക്കിലിടിച്ച് 17കാരൻ റസിനാണ് വിടവാങ്ങിയത്. ഏഴാം തീയതി കണ്ണൂർ, കാസർകോട് ജില്ലകളിലെ ആറുപേർക്കാണ് ഈ ദിവസം ജീവൻ നഷ്ടമായത്. കണ്ണൂർ പള്ളിക്കുളത്ത് ബൈക്കും ബസും കൂട്ടിയിടിച്ച് വിദ്യാർഥിയായ മുഹ്സിൻ മരിച്ചപ്പോൾ പിലാത്തറയിൽ മൂന്നുവാഹനങ്ങൾ അപകടത്തിൽപ്പെട്ടാണ് ചെങ്ങളത്തെ വെൽഡിങ് തൊഴിലാളി സുരേഷ് മരിച്ചത്.
തലേന്നാൾ രാത്രിയിൽ തൃക്കരിപ്പൂർ ഇളംബച്ചിയിൽ ബൈക്ക് നിയന്ത്രണം വിട്ട് രണ്ടുയുവാക്കൾ മരിച്ചു. മെട്ടമ്മലിലെ സുഹൈലും സുഹൃത്ത് പെരുമ്പയിലെ ഷാനിബ് എന്നിവരാണ് മരിച്ചത്. ഇതേദിവസം നീലേശ്വരം പാലായി റോഡു വളവിൽ ബൈക്കും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് ഐ.ടി.ഐ വിദ്യാർഥി വിഷ്ണു (18) മരിച്ചു.
നാലു ദിവസംമുമ്പ് അപകടത്തിൽപ്പെട്ട് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഹർഷാദും വിടവാങ്ങിയതും അന്നാണ്.
തളിപ്പറമ്പ് കൂവേരിയിൽ ഓട്ടോ മറിഞ്ഞ് യാത്രക്കാരനായ മാത്യു മാവുങ്കലിന് ജീവൻ നഷ്ടമായത് ഞായറാഴ്ച. തിങ്കളാഴ്ച രണ്ടുപേരുടെ ജീവനാണ് റോഡിൽ അവസാനിച്ചത്. പാട്യത്ത് ബൈക്കും ബസും കൂട്ടിയിടിച്ച് വിദ്യാർഥിയായ മുഹമ്മദ് തമീം മരിച്ചപ്പോൾ കുഞ്ഞിമംഗലത്തെ റിയാസ് വാബു മരിച്ചത് ദേശീയപാത നിർമാണ കമ്പനിയുടെ അനാസ്ഥ കാരണം.
ഞായറാഴ്ച രാത്രി വീട്ടിലേക്ക് ബൈക്കിൽ പോകവെ മുന്നറിയിപ്പില്ലാതെ റോഡിൽ കലുങ്കിനായി എടുത്ത കുഴിയിൽ വീണാണ് റിയാസ് ദാരുണമായി മരിച്ചത്. കലുങ്കിന്റെ കോൺക്രീറ്റിന് ശേഷം ബാക്കിയുള്ള ഭാഗം മൂടാത്ത കുഴിയിൽ വീഴുകയായിരുന്നു. ഒട്ടേറെപേർ മരിച്ചതിനു പുറമെ നിരവധിപേർ പരിക്കേറ്റ് ആശുപത്രികളിലാണ്. ചിലരുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച എടാട്ട് ദേശീയപാതയിൽ വ്യത്യസ്തമായ രണ്ടു ബൈക്കപകടങ്ങളിൽ പരിക്കേറ്റ രണ്ട് യുവാക്കാൾ ആശുപത്രിയിലാണ്.
അമിത വേഗതയും മഴ കനത്തതോടെയുള്ള വെള്ളക്കെട്ടും അപകട മരണങ്ങൾക്ക് കാരണമാവുന്നു. എന്നാൽ, ഇത് തടയാനുള്ള ഒരുനടപടിയും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. എ.എ കാമറകൾ മിക്കയിടത്തും കണ്ണടച്ചിട്ട് മാസങ്ങളായി.